ഭാരത് മാതാ കീ ജെയ് മുദ്രാവാക്യം മുഴക്കാന്‍ മടിയുള്ളവരുടെ പൗരത്വം തിരിച്ചെടുത്ത് വോട്ടവകാശം നിഷേധിക്കണമെന്ന് ശിവസേന

single-img
18 March 2016

shivasena-logo

‘ഭാരത് മാതാ കീ ജെയ്’ മുദ്രാവാക്യം മുഴക്കാന്‍ മടിയുള്ള ദേശദ്രോഹികള്‍ക്ക് വോട്ടവകാശം നിഷേധിക്കുകയും പൗരത്വം തിരിച്ചെടുക്കുകയും ചെയ്യണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംനയിലെ എഡിറ്റോറിയലിലാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ഭാരത് മാതാ കി ജെയ് എന്ന മുദ്രാവാക്യം മുഴക്കാന്‍ മടിച്ച ഹൈദരാബാദ് എംപി അസാദുദ്ദീന്‍ ഒവൈസിയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയംഗത്തിനും എതിരേ കര്‍ശനമായ നടപടിയെടുക്കണമെന്നും സാംന ആവശ്യപ്പെട്ടിട്ടുണ്ട്.

കഴുത്തില്‍ കത്തി വെച്ചാലും താന്‍ ഭാരത് മാതാ കീ ജെയ് എന്ന് വിളിക്കില്ലെന്നും ഭരണഘടന അത് അനുശാസിക്കുന്നില്ലെന്നും നേരത്തേ ഒവൈസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒവൈസിയുടെ അടുത്ത അനുയായിയും മഹാരാഷ്ട്ര എംഎല്‍എയുമായ വാരിസ് പത്താനും ഈ മുദ്രാവാക്യം വിളിക്കാന്‍ മടിച്ചിരുന്നു. ഒവൈസി ഇന്ത്യന്‍ മാതാവിനെ പിന്നില്‍ നിന്നും കുത്തുകയായിരുന്നെന്നും എന്നിട്ടും ഇയാള്‍ സ്വന്തമായി താന്‍ ഇന്ത്യന്‍ പൗരനാണെന്ന് അവകാശപ്പെടുകയാണെന്നും സാംന എഡിറ്റോറിയലില്‍ പറയുന്നുണ്ട്.

തന്റെ മാതൃരാജ്യത്തോടുള്ള സ്നേഹത്തെ ഭാരത് മാതാ കീ ജെയ് എന്ന വിളിയിലൂടെ ഒരാള്‍ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരം ഒരു മുദ്രാവാക്യം ജാതിമത അതിരുകള്‍ ഭേദിക്കുന്നതാണെന്നും ശിവസേന പറയുന്നു. മാതൃതാജ്യത്തില്‍ വിശ്വസിക്കുന്നില്ലാത്ത ഒവൈസി വന്ദേമാതരവും വിളിക്കില്ലെന്നും ഇസ്ലാമിന്റെ ആത്മാവ് നിലനില്‍ക്കുന്നതിനാല്‍ ഷരിയ മൂലം രാജ്യത്തിന്റെ സിവില്‍ കോഡില്‍ അവര്‍ വിശ്വസിക്കുന്നില്ലെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു.

അങ്ങനെയുള്ളവറ ഇന്ത്യന്‍ മണ്ണിന്റെ ഭാരവും പേറി എന്തിനാണ് ഈ രാജ്യത്ത് താമസിക്കുന്നതെന്ന് ചോദിക്കുന്ന ശിവസേന ഒവൈസിയുടെ ദേശവിരുദ്ധ അജണ്ഡകളെ എതിര്‍ത്ത് ഭാരത് മാതാ കീ ജെയ് വിളിക്കാന്‍ ഇന്ത്യന്‍ മുസ്ളീങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട്.