ഇസ്ലാമിക- സംഘപരിവാര്‍ ഭീകരവാദത്തെപ്പറ്റി തുറന്നെഴുതിയ യുവ എഴുത്തുകാരി സാഹിറയുടെ ഫേസ് ബുക്ക് അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ പൂട്ടിച്ചു

single-img
11 March 2016

Sahira

ഇസ്ലാമിക- സംഘപരിവാര്‍ ഭീകരവാദത്തെപ്പറ്റി തുറന്നെഴുതിയ യുവ എഴുത്തുകാരിയും എ ഐ എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാഹിറയുടെ ഫേസ് ബുക്ക് അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ പൂട്ടിച്ചു.

ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്തെ രാഷ്ട്രീയ സ്ഥിതിയും, ഇസ്ലാമിക, സംഘപരിവാര്‍ ഭീകരവാദത്തേയും തന്റെ ഇടതുപക്ഷ കാഴ്ചപ്പാടിനേയും പറ്റി മനസ്സു തുറന്നിരുന്നു. ഇതില്‍ പ്രകോപിതര്‍ ആയവരാണ് ഫേസ്ബുക്ക് അക്കൗണഎ്ട് പൂട്ടിച്ചതെന്നാണ് സാഹിറയുടെ പക്ഷം. ൃ

താന്‍ ശരി ചെയ്യുന്നത് കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചാല്‍ താന്‍ മിണ്ടാതിരിക്കുമെന്നാണ് അവരുടെ വിചാരമെങ്കില്‍ അത് തെറ്റാണെന്നും സാഹിറ പറയുന്നു. തുറന്നു പറച്ചിലുകളിലൂടെ തന്നെ നാട്ടില്‍ ഒറ്റപ്പെടുത്താനും, ഭീഷണിപ്പെടുത്താനും ഒക്കെ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇതും- സാഹിറ പറയുന്നു.

ഞാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതാണ് പ്രശ്നം. എനിക്ക് പറയാനുള്ളത് ഇനിയും പറയുക തന്നെ ചെയ്യും. മലപ്പുറത്തുകാരി മുസ്ലീം പെണ്‍കുട്ടികള്‍ എല്ലാവരും മുസ്ലീം ലീഗിനൊപ്പം നില്‍ക്കണോ എന്നും സാഹിറ ചോദിക്കുന്നു. ഒരു മുസ്ലീം പെണ്‍കുട്ടി ഹിന്ദു മതഭ്രാന്തന്മാര്‍ക്കെതിരെ പ്രതികരിക്കുന്നതാണ് അവര്‍ക്ക് പ്രശ്‌നമെന്നും സാഹിറ പറഞ്ഞു.

മലപ്പുറത്തെ നിര്‍ധന കുടുംബാംഗം ആയ സാഹിറയുടെ കവിതകളില്‍ മതങ്ങളേയും ദൈവങ്ങളേയും പറ്റി നിശിതമായി വിമര്‍ശനങ്ങള്‍ ഉള്ളതാണ് മതമൗലിക വാദികളെ പ്രകോപിപ്പിക്കുന്നത്.