അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി

single-img
10 March 2016

26791993

അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ഈടാക്കാനുള്ള കര്‍ണ്ണാടക മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കത്തിന് തിരിച്ചടി. വാഹനനികുതി കര്‍ണാടക സര്‍ക്കാര്‍ വിധി ഭരണഘടനാ വിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി. അന്യസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങിയാല്‍ ആജീവനാന്ത നികുതി നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഭേദഗതി കൊണ്ടുവന്ന ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

സംസ്ഥാനത്ത് ഒരു മാസത്തില്‍ കൂടുതല്‍ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ പിടികൂടി ആജീവനാന്ത നികുതി ചുമത്താറായിരുന്നു പതിവ്. 2014 ല്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെയാണ് അന്യസംസ്ഥാന വാഹനങ്ങള്‍ പിടികൂടി ഗതാഗത വകുപ്പ് ആജീവനാന്ത നികുതി ചുമത്താന്‍ തുടങ്ങിയത്. മറ്റു സംസ്ഥാനങ്ങളില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് 12 മാസം സമയപരിധി അനുവദിക്കുമ്പോള്‍ കര്‍ണാടക 30 ദിവസമാക്കി ചുരുക്കിയത് വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന മലയാളികളടക്കമുള്ള അന്യസംസ്ഥാനക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഏത് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായാലും കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷംവരെ സര്‍വീസ് നടത്താമെന്നുകാണിച്ചായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.