2011 ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടിക്ക് എഴുതി ഒപ്പിട്ടു നല്‍കിയിരുന്ന രേഖ പുറത്തായി

single-img
10 March 2016

BL30_19_CHANDY_2132070f

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എഴുതി ഒപ്പിട്ടു നല്‍കിയ രേഖയുടെ പകര്‍പ്പ് പുറത്ത്. 2011 ല്‍ താമരശേരി രൂപതയുടെ താല്‍പര്യപ്രകാരമാണ് കോഴിക്കോട് ഗസ്റ്റ് ഗൗസില്‍ വച്ച് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഉടമ്പടി ഉണ്ടാക്കിയത്. താമരശേരി ബിഷപും അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രേഖാമൂലം ഉടമ്പടി ഉണ്ടാക്കിയതിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രൂപത പിന്തുണയ്ക്കുന്ന മലയോര വികസന സമിതി സീറ്റിനുവേണ്ടി രംഗത്തു വന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ മലയോര കുടിയേറ്റ കര്‍ഷക പ്രാതിനിധ്യം ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നുവരികയും അതിനായി ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യമുയരുകയും ചെയ്തിരുന്നു. എന്നാല്‍ അന്നു തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നതിനാല്‍ സീറ്റ് ഇത്തവണ നല്‍കാനാവില്ലെന്നും അടുത്ത തവണ വിട്ടുനല്‍കാമെന്നും അറിയിച്ച് അന്നു മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതുകയായിരുന്നു.

‘ഈ പ്രാവശ്യത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ടിരുന്നല്ലോ. ഇപ്പോഴത്തെ ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് അത് വിട്ടുതരാന്‍ ബുദ്ധിമുട്ടുണ്ടായി. ഇതിനെതിരെ കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ ഉണ്ടായ ശക്തമായ വികാരങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ ഈ സീറ്റ് കോണ്‍ഗ്രസിന് വിട്ടുതരാനും അതിനുപകരം കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു സീറ്റ് വാങ്ങി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനും സന്നദ്ധരാണെന്ന് അറിയിക്കുന്നു’ കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്.

ഇത്തവണ സീറ്റ് വേണമെന്ന ആവശ്യവുമായി ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താമരശേരി രൂപതയ്ക്ക് കീഴിലെ മലയോര വികസന സമിതി രംഗത്തു വരികയും എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച മുസ്‌ലിം ലീഗ് തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വിവാദമുയര്‍ന്നത്.