യോഗഗുരു ബാബാ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യപാര്‍ക്കിനും സി.ഐ.എസ്.എഫ് സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

single-img
9 March 2016

03_29_13_045_tonemapped

കേന്ദ്രസര്‍ക്കാര്‍ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യപാര്‍ക്കിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്നു. രാംദേവിന് സെഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനു പിന്നാലെയാണ് ഹരിദ്വാറിലെ ആശ്രമത്തിനും ഭക്ഷ്യപാര്‍ക്കിനും സി.ഐ.എസ്.എഫ് സുരക്ഷ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

ബി.ജെ.പി അധികാരത്തില്‍ കയറിക്കഴിഞ്ഞ് 2014 നവംബര്‍ മുതല്‍ രാംദേവ് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സുരക്ഷയിലാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് സ്വകാര്യ മേഖലയിലെ സുപ്രധാന സംരംഭങ്ങള്‍ക്ക് സി.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. സി.ഐ.എസ്.എഫ് സുരക്ഷ ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ചുരുക്കം ചില സ്ഥാപനങ്ങളുടെ പട്ടികയില്‍ വരും രാംദേവിന്റെ ആശ്രമവും ഭക്ഷ്യപാര്‍ക്കും. രാംദേവിന്റെ ഭക്ഷ്യപാര്‍ക്ക് ഇത്തരത്തില്‍ സുരക്ഷ ലഭിക്കുന്ന എട്ടാമത്തെ സ്വകാര്യ യൂണിറ്റാണ്.

ഹരിദ്വാറിലെ പതഞ്ജലി ഫുഡ് ആന്റ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന് 35 സായുധ സൈനികരുടെ സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിംഗ് പറഞ്ഞു. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലായിരിക്കും സുരക്ഷ ഒരുക്കുന്നതെന്നും സി.ഐ.എസ്.എഫ് അറിയിച്ചു. സുരക്ഷാ വിന്യാസത്തിന് പ്രതിവര്‍ഷം 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും സൈനികര്‍ക്കുള്ള ബാരക്കുകയും ആയുധങ്ങളും വാഹനങ്ങളും ഉപഭോക്താവ് തന്നെ നല്‍കുമെന്നും സുരേന്ദര്‍ സിംഗ് വ്യക്തമാക്കി.

ഭക്ഷ്യപാര്‍ക്കിനും ആശ്രമത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.