മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് പിന്‍വലിച്ചു

single-img
9 March 2016

methran-kayalതിരുവനന്തപുരം: മെത്രാന്‍കായല്‍ നികത്താനുള്ള വിവാദമായ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കൊച്ചി കടമ്മക്കുടിയിലെ ഭൂമി നികത്താനുള്ള ഉത്തരവും പിന്‍വലിച്ചു. ഇന്നത്തെ മന്ത്രസഭാ യോഗമാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എടുത്ത ഈ വിവാദ തീരുമാനങ്ങളെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ എതിര്‍ത്തിരുന്നു. തീരുമാനം പിന്‍വലിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തീരുമാനം റദ്ദാക്കാന്‍ കാരണം. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ജിജി തോംസണുംമെത്രാന്‍ കായല്‍ പദ്ധതിയെ എതിര്‍ത്തിരുന്നു.

മെത്രാന്‍ കായല്‍ നികത്തി ടൂറിസം പദ്ധതി ആരംഭിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച ഹൈക്കോടതിയും സ്റേ ചെയ്തിരുന്നു. തല്‍സ്ഥിതി പ്രദേശത്ത് തുടരാനാണ് ഹൈക്കോടതി ഉത്തരവ്.

കുമരകത്ത് 378 ഏക്കര്‍ വരുന്ന മെത്രാന്‍കായല്‍ പാടശേഖരം സ്വകാര്യ ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കായി നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഇറക്കിയ ഉത്തരവാണ് വന്‍ വിവാദമുണ്ടാക്കിയത്. 2008ലെ തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം മെത്രാന്‍കായല്‍ ഉള്‍പ്പെടുന്ന പ്രദേശം നെല്‍വയലാണ്. കൃഷിക്ക് ഉപയുക്തമായ ഈ പ്രദേശം നികത്തി ടൂറിസം പദ്ധതിക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും സര്‍ക്കാരിന്റെ അവസാന കാലത്ത് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് കോടികള്‍ വാങ്ങിയുള്ളതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.