പി. ജയരാജനെ ഡിസ്ചാർജ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി.

single-img
9 March 2016

P-Jayarajanകതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രാവിലെ പത്തു മണിയോടെ പ്രത്യേക ആംബുലൻസിൽ റോഡ് മാർഗം ജയരാജനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോയി. കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം അനുഗമിക്കുന്നുണ്ട്.

ഇതിനിടെ ജയരാജനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ സംഘം സെന്‍ട്രല്‍ ജയിലിലെത്തി. ജയരാജനെ ഏത് മുറിയിൽവെച്ച് ചോദ്യം ചെയ്യണമെന്ന പ്രാഥമിക പരിശോധന നടത്താനാണ് ഉദ്യോഗസ്ഥർ എത്തിയത്. സി.ബി.ഐ എസ്.പി ജോസ് മോൻ അടക്കമുള്ള സംഘവും വൈകാതെ ജയിലിലെത്തിച്ചേരും. ജയിൽ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചോദ്യം ചെയ്യൽ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

മൂന്നു ദിവസം ചോദ്യം ചെയ്യുന്നതിനാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിബിഐക്ക് അനുമതി നല്‍കിയിരിക്കുന്നത്.കണ്ണൂർ ജയിലിലെത്തുന്ന ജയരാജനെ ആരോഗ്യ പരിശോധനക്ക് ശേഷം വൈകാതെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ നീക്കം. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ ജയരാജനെ കസ്റ്റഡിയിൽ കിട്ടാൻ സി.ബി.ഐ വീണ്ടും കോടതിയെ സമീപിച്ചേക്കും.