ബീഫിനെക്കുറിച്ച് പറഞ്ഞ് ജോലി നഷ്ടപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

single-img
9 March 2016

Arvind-SubramanianCEAബീഫിനെക്കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുംബൈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം ബീഫിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ വിസമ്മതിച്ചത്. ബീഫിന് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ഷകരെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം നല്‍കാനില്ലെന്നും നല്‍കിയാല്‍ തന്റെ ജോലി തെറിക്കുമെന്നും അദ്ദേഹം ഉത്തരം നല്‍കി.

“നിങ്ങൾക്കറിയാമല്ലോ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാൻ എന്‍റെ ജോലി പോകും. എന്തായാലും ചോദ്യത്തിന് നന്ദി.” ഈ ഉത്തരത്തിന് വലിയ കയ്യടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

രാജ്യത്തിന്റെ പുരോഗതിക്ക് സാമൂഹികതലത്തിലുള്ള വേര്‍തിരിവുകള്‍ വിഘാതമാവുന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ഈയിടെ പ്രതികരിച്ചിരുന്നു. സാമൂഹികമായ വേര്‍തിരിവുകള്‍ രാജ്യത്തിന്റെ പുരോഗതിയില്‍ വളരെ നിര്‍ണായകമായ സ്വധീനമാണ് ചെലുത്തുന്നത്. മതവും സംവരണവുമെല്ലാം സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ രാജ്യപുരോഗതിയെയും ഗുണപരമായും ദോഷകരമായും ബാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നറിയാന്‍ ഇന്ത്യ ഒരുത്തമ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ നിന്നും 2014 ഒക്ടോബര്‍ മുതല്‍ അവധിയെടുത്താണ് അരവിന്ദ് സുബ്രഹ്മണ്യം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നത്.