മെത്രാന്‍ കായല്‍ നികത്തുന്നതിന് ഹൈക്കോടതി സ്‌റ്റേ.

single-img
8 March 2016

courtമെത്രാന്‍ കായലില്‍ പാടശേഖരം നികത്തി യാതൊരു വിധത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തരുതെന്നും കേസ് തീര്‍പ്പാക്കുന്നതവരെ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രദേശവാസിയായ അലക്‌സാണ്ടര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

താന്‍ കൃഷി ചെയ്ത് വരുന്ന ഭൂമിയാണിതെന്നും തുടര്‍ന്നും കൃഷി ചെയ്യാന്‍ തയ്യാറാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്.

2008 ലെ തണ്ണീര്‍ തട സംക്ഷണ നിയമം പ്രകാരം മെത്രാന്‍ കായലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ ആവില്ലെന്നും മെത്രാന്‍ കായല്‍ പ്രദേശം കൃഷി യോഗ്യവും കൃഷി നടന്നുകൊണ്ടിരിക്കുന്നതുമായ ഭൂമിയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ സാഹചര്യത്തിലാണ് ഉത്തരവു പിന്‍വലിക്കാന്‍ മന്ത്രിസഭയിൽ ധാരണയായിരുന്നു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവു പിന്‍വലിക്കുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം വരുന്നതിനു തൊട്ടു മുന്‍പാണ് മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. വിവാദമായപ്പോള്‍ ഇടതു സര്‍ക്കാരിന്‍റെ കാലത്തു വ്യവസായ വകുപ്പിന്‍റെ അനുമതിയുണ്ടായിരുന്നുവെന്ന വിശദീകരണവും റവന്യൂ വകുപ്പു നല്‍കുന്നുണ്ട്. പൊതുഭരണ വകുപ്പാണു വ്യവസായ വകുപ്പിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കിയതെന്നും വിശദീകരിക്കുന്നുണ്ട്. ഈ തീരുമാനത്തിന്‍റെ ചുവടു പിടിച്ചാണ് ഇപ്പോള്‍ അനുമതി നല്‍കിയതെന്നും റവന്യൂ വകുപ്പു വിശദീകരിക്കുന്നു.
അപ്പര്‍ കുട്ടനാട്ടെ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളം കടമക്കുടിയില്‍ 47 ഏക്കറും നിലം നികത്താനാണ് ഉത്തരവു നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിനു റവന്യൂ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റകീന്‍ ഗ്രൂപ്പും ഇന്ത്യയിലെ ഖനന വ്യവസായ രംഗത്തെ വന്‍കിട കമ്പനിയായ റെട്രോമാക്സും സംയുക്തമായി രൂപീകരിച്ച റാക്കാന്‍ഡോ ഡെവലപ്പേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ റാക്കിന്‍ഡോ കുമരകം റിസോര്‍ട്ട് എന്ന പദ്ധതി നടപ്പിലാക്കുന്നതിനാണു നിലം നികത്തില്‍ ഉത്തരവു നല്‍കിയിരിക്കുന്നത്. ടുറിസം പദ്ധതികളുടെ പേരിലായിരുന്നു നിലം നികത്തലിന് അനുമതി തേടിയത്.