കലാഭവന്‍ മണിയുടെ മരണം:അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപോര്‍ട്ട് പുറത്തുവന്നു

single-img
8 March 2016

kalabhavan-mani_1ഗുരുതരമായ കരള്‍ രോഗത്തിനിടയില്‍ മദ്യം കഴിച്ചതാണ് കലാഭവന്‍ മണിയുടെ മരണത്തിലേക്ക് നയിച്ച കാരണമെന്ന് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.

സാക്ഷി മൊഴികളില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം വഹിച്ച ഡോക്ടര്‍മാരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഡി.വൈ.എസ്.പി കെ. സുദര്‍ശന്‍ നടത്തിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആന്തരീകാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

മണിയുടെ കരള്‍ രോഗം ഗുരുതരമായിരുന്നുവെന്ന് പോസ്റ്റംമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായും നശിച്ച അവസ്ഥയിലായിരുന്നു കരള്‍. അതിനിടെ, അദ്ദേഹം പതിവില്‍കൂടുതല്‍ മദ്യപിച്ചതായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. മണിയുടെ ഭാര്യാസഹോദരന്‍ അടക്കമുള്ള ബന്ധുക്കളുടെയും നടന്‍ ജാഫര്‍ ഇടുക്കി അടക്കമുള്ള സഹപ്രവര്‍ത്തകരുടെയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.

മദ്യം കഴിക്കരുതെന്നു ഡോക്ടർമാർ മണിക്കു നാലു മാസം മുന്‍പു കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇതവഗണിച്ചും മണി മദ്യം കഴിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുവരുന്നതിന്റെ തലേന്നും മണി മദ്യപിച്ചിരുന്നു. എങ്കിലും പൊലീസ് അന്വേഷണം തുടരും. മദ്യത്തിന്റെ ഉറവിടം അടക്കം അന്വേഷിക്കും. രാസപരിശോധനാഫലം വരുംവരെ അസ്വാഭാവികമരണമെന്ന കേസ് തുടരുമെന്നും പൊലീസ് അറിയിച്ചു.