കൊട്ടാരക്കര പോലീസ് സ്റ്റേഷനുനേരെ ആര്‍.എസ്.എസ്. ആക്രമണം;രണ്ടു പേർ പോലീസ് പിടിയിൽ

single-img
8 March 2016

12806059_841632689315301_2741079024658522760_nവാഹന പരിശോധനക്കിടയില്‍ ആര്‍.എസ്.എസ് ജില്ലാ പ്രചാരകിനെ പൊലിസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലിസ് സ്‌റ്റേഷന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊട്ടാരക്കര സി.ഐ സജിമോന്‍, പുത്തൂര്‍ എസ്.ഐ സുധീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിനേശ് കുമാര്‍, ഷഫീഖ്, ഹോം ഗാര്‍ഡ് വിജയന്‍ പിള്ള അടക്കം ആറ് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. മൂന്ന് വാഹനങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ത്തു.

പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തിയാണ് സി.ഐ അടക്കമുള്ളവരെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചത്. പരിക്കേറ്റ പോലീസുകാരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ പോലീസുകാരോട് കയര്‍ത്ത ആര്‍.എസ്.എസ് താലൂക്ക് പ്രചാരകിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിനുപിന്നാലെ ആയിരുന്നു ആക്രമണം.

കൊട്ടാരക്കര സി.ഐയും ആര്‍.എസ്.എസ് നേതാക്കളുമായി സംസാരിക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകളും പൊലിസ് സ്റ്റേഷന്റെ ജനല്‍ ഗ്ലാസും തകര്‍ന്നു. തുടര്‍ന്ന് കൊട്ടാരക്കര ക്ഷേത്രത്തിന് സമീപത്തെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകര്‍ അവിടേക്കെത്തിയ പൊലിസുകാര്‍ക്ക് നേരെയും ആക്രമണം തുടര്‍ന്നു. സംഭവത്തില്‍ ജില്ല പ്രചാരക് ബിനീഷ്, പ്രവര്‍ത്തകന്‍ സമീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.