പ്രിയനടന്‍ കലാഭവന്‍ മണിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി

single-img
7 March 2016

Malayalam Actor Kalabhavan Mani Pictures

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ സംസ്‌കാരം വൈകിട്ട് അഞ്ചിനു നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം രാവിലെ 11.30 മുതല്‍ 12 വരെ സംഗീതനാടക അക്കാഡമിയിലും 12.30 മുതല്‍ മൂന്നുവരെ ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. മണി പഠിച്ച ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.

തുടര്‍ന്നു വൈകിട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ചാലക്കുടിയില്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍, മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പിന്നീട് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയും അസ്വാഭാവിക മരണത്തിനു ചാലക്കുടി പോലീസ് കേസെടുക്കുകയും ചെയ്തു. പാഡിയിലെത്തി പോലീസ് അന്വേഷണം നടത്തുകയും സഹോദരന്‍ രാമകൃഷ്ണനില്‍നിന്നു മൊഴിയെടുക്കുകയും ചെയ്തു.

ഒഴിവുദിനങ്ങളില്‍ മണി ചെലവഴിക്കാറുള്ള ജാതിത്തോട്ടമായ പാഡിയില്‍ ശനിയാഴ്ച ഉച്ചയ്ക്കു രണേ്ടാടെ അവശനിലയില്‍ കണെ്ടത്തിയതിനെത്തുടര്‍ന്നു കൂട്ടുകാരുടെ നിര്‍ബന്ധത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെന്നാണു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ വെന്റിലേറ്ററിലേക്കു മാറ്റി. ഇതിനിടെ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നു പോലീസ് മൊഴിയെടുക്കാനെത്തിയപ്പോള്‍ മണിയുടെ അവസ്ഥ കൂടുതല്‍ വഷളായതിനാല്‍ അതിനു കഴിഞ്ഞിരുന്നില്ല.