ബംഗ്ലാദേശ് തങ്ങളുടെ ഔദ്യോഗിക മതത്തിന്റെ സ്ഥാനത്തു നിന്നും ഇസ്ലാംമതത്തെ ഒഴിവാക്കാന്‍ ആലോചിക്കുന്നു

single-img
7 March 2016

tongi_prayer_01

ന്യൂനപക്ഷ മതവിശ്വാസക്കാര്‍ക്കു നേരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് തങ്ങളുടെ മതനിലപാടില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നു. ഇസ്ലാം മതം രാജ്യത്തിന്റെ ഔദ്യോഗിക മതമല്ലാതാക്കാനാണ് ബംഗ്ലാദേശ് ആലോചിക്കുന്നത്. ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, മുസ്ലീം ഷിയാക്കള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരെ നിരവധി ആക്രമണങ്ങളാണ് അടുത്തിടെ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണിത്.

1988 ലാണ് ഇസ്ലാം മതം ബംഗ്ലാദേശിന്റെ ഔദ്യോഗിക മതമായി മാറിയത്. അന്നു മുതല്‍ തീരുമാനം നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ മുറവിളി കൂട്ടുകയാണ്. ബംഗ്ലാദേശിലെ ജനസംഖ്യയില്‍ 90 ശതമാനം പേരും മുസ്ലീങ്ങളാണ്. എട്ടു ശതമാനം പേര്‍ ഹിന്ദുക്കളും രണ്ട് ശതമാനം പേര്‍ മറ്റു ന്യൂനപക്ഷ മതങ്ങളിലും പെട്ടവരാണ്.

തീവ്ര ഇസ്ലാമിക സംഘടനകളായ ജുമാതുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്, അന്‍സരുള്ള ബംഗ്ലാ ടീം എന്നിവയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബംഗ്ളാദേശില്‍ വിദേശികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതായി കരുതപ്പെടുന്നത്. ഈയടുത്ത് പഞ്ചഗഡ് ജില്ലയില്‍ ഹിന്ദു പുരോഹിതനെ ക്ഷേത്രത്തില്‍ വച്ച് വെട്ടിക്കൊന്നിരുന്നു. ഔദ്യോഗിക സ്ഥാനത്തുനിന്നും ഇസ്ലാം മതം നീക്കം ചെയ്യാനുള്ള നീക്കത്തിന് രാജ്യത്തിനകത്തു നിന്നും വേണ്ട പിന്തുണ കിട്ടില്ലെന്നാണ് കരുതുന്നത്.