പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടും

single-img
5 March 2016

TH30_PINARAYI_VIJAY_516498f

ധര്‍മടം മണ്ഡലത്തില്‍ നിന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജനവിധി തേടും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ധര്‍മടത്തേക്കു പിണറായിയുടെ പേര് മാത്രമാണ് നിര്‍ദേശിച്ചത്. ധര്‍മടത്തെ സിറ്റിങ് എംഎല്‍എയായ കെ.കെ. നാരായണനെ ഒഴിവാക്കിയാണു സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാര്‍ ചെയ്യുന്നതും.

1996ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നാണു പിണറായി വിജയന്‍ അവസാനമായി നിയമസഭയിലേക്ക് മല്‍സരിച്ചത്. 2011 ലെ മണ്ഡല പുനര്‍നിര്‍ണയത്തിലാണ് പിണറായി വിജയന്റെ വീടുള്‍പ്പെടുന്ന ധര്‍മടം മണ്ഡലം രൂപം കൊണ്ടത്. പഴയ എടക്കാട്, തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്തു രൂപം കൊടുത്ത ധര്‍മടത്തു കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി 15,612 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ധര്‍മടവും തലശേരിയുമൊഴികെ ജില്ലയിലെ സിപിഎമ്മിന്റെ നാലു മണ്ഡലങ്ങളിലും സിറ്റിങ് എംഎല്‍എമാരുടെ പേരു തന്നെയാണ് നിര്‍ദേശിച്ചിട്ടുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സിറ്റിങ് മണ്ഡലമായ തലശേരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീറിനെ മല്‍സരിപ്പിക്കാനാണു തീരുമാനം. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ നിന്നു പിണറായി വിജയന്‍ വീണ്ടും മല്‍സരിക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കില്‍ ജന്‍മനാട്ടില്‍ ജനവിധി തേടണമെന്ന ആഗ്രഹത്തിലാണ് ധര്‍മടം പിണറായിയുടെ മണ്ഡലമായത്.