സ്വകാര്യ ടൂറിസം പദ്ധതിക്കായി 425 ഏക്കർ നിലം നികത്താൻ സർക്കാർ ഉത്തരവ്

single-img
5 March 2016

Drought_20120703

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി 425 ഏക്കര്‍ പാടം നികത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. കോട്ടയത്തും എറണാകുളത്തുമായാണ് നിലം നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയത്. 2007ന് മുൻപ് കൃഷി നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യ ടൂറിസം പദ്ധതിക്കായാണു 425 ഏക്കർ നിലം നികത്തുന്നത്.കോട്ടയം ജില്ലയിലെ കുമരകത്തെ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ 47 ഏക്കറുമാണ് നികത്താന്‍ അനുമതി നല്‍കിയത്.

സർക്കാർ ഉത്തരവിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ രംഗത്ത് വന്നു.റവന്യു മന്ത്രി അടൂര്‍ പ്രകാശിനെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ട്.

നെൽവയൽ നീർത്തട നിയമമനുസരിച്ച് പൊതു ആവശ്യങ്ങൾക്കായി മാത്രമാണ് വയലുകളോ നീർത്തടങ്ങളോ നികത്താൻ സർക്കാരിന് ഉത്തരവിടാൻ സാധിക്കുകയുള്ളൂ. ഇത് മറികടന്നാണ് സ്വകാര്യ ആവശ്യങ്ങൾക്കായി നിലം നികത്തുന്നതിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് വരും ദിവസങ്ങളിൽ വൻ വിവാദത്തിനു വഴിവെയ്ക്കുമെന്നാണു കരുതുന്നത്