അസംസ്‌കൃത എണ്ണ വില കുറഞ്ഞതു വഴി ലഭിച്ച ആനുകൂല്യത്തില്‍ പകുതി ജനങ്ങള്‍ക്ക് കൈമാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
4 March 2016

dharmendra-pradhan

അസംസ്‌കൃത എണ്ണ വില കുറഞ്ഞതു വഴി ലഭിച്ച ആനുകൂല്യത്തില്‍ പകുതി ജനങ്ങള്‍ക്ക് കൈമാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് വിശദീകരണവുമായി രംഗത്തെത്തിയത്. വിലയിടിവ് മൂലമുള്ള നേട്ടത്തിന്റെ ബാക്കി സാമൂഹിക മേഖലയില്‍ നിക്ഷേപത്തിനായി നീക്കിവച്ചെന്നും എണ്ണ വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ഒളിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പണം പൊതുജനക്ഷേമത്തിനായി ചെലവിടുന്നത് കുറ്റകരമാണോ എന്ന ചോദ്യവും അദ്ദേഹം ചോദിച്ചു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ആനുകൂല്യം ഉപയോക്താക്കള്‍ക്കു കൈമാറിയില്ലെന്നു രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിനാണ് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.

എണ്ണ വിലയിടിവിന്റെ നേട്ടം സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്നും ഒരുകാര്യവും മറച്ചുവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അസംസ്‌കൃത എണ്ണ വിലയിലെ അപ്രതീക്ഷിത ഇടിവ് മൂലം ലഭിച്ച ലാഭത്തില്‍ 50% സര്‍ക്കാര്‍ ട്രഷറിയിലുണ്ട്. ഈ തുക സാമൂഹിക മേഖലയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് സന്തുലിതമായ സാമ്പത്തിക നിലവാരത്തിനായി ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ആനുകൂല്യം കൃഷി, അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളില്‍ ചെലവഴിക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നു പ്രധാന്‍ അവകാശപ്പെട്ടു.