സര്‍ക്കാരിന്റെ കാര്യങ്ങള്‍ എങ്ങനെ നടത്തിക്കൊണ്ട് പോകണമെന്ന് കോണ്‍ഗ്രസിനെ ഞങ്ങള്‍ പഠിപ്പിച്ചു തരാമെന്നു മോദി

single-img
3 March 2016

narendra-modi5_ap

പാര്‍ലമെന്റ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാണിച്ചതായും രാഷ്ട്രപതിയുടെ വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ അന്തസ് നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിനും പങ്കുണ്ട്. പാര്‍ലമെന്റ് കാര്യക്ഷമമായി നടന്നില്ലെങ്കില്‍ അതിന്റെ നഷ്ടം രാജ്യത്തിനാണ്. ചരക്കുസേവന നികുതി ബില്‍, ഞങ്ങളുടെതാണെന്നാണ് പറയുന്നത്. ശരിക്കും ഈ ബില്‍ ഞങ്ങളുടെതാണോ, അതോ ജനങ്ങളുടെതാണോ. സ്വകാര്യലാഭത്തിനായി പാര്‍ലമെന്റ് തടസപ്പെടുത്തുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. മോദി പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്നുകളെ തമാശയായി എടുക്കരുതെന്നും മോഡി പറഞ്ഞു. ബില്ലുകള്‍ പാസാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിഎ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച എന്‍ആര്‍ഇജിഎ പദ്ധതി യഥാര്‍ത്ഥത്തില്‍ സമൂഹത്തിലെ ശരിക്കുമുളള പാവപ്പെട്ടവരിലേക്ക് എത്തിയില്ലെന്നാണ് 2012ലെ സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതെന്നും മോദി പറഞ്ഞു.

രാഹുലിനെ പരോക്ഷമായി ആക്രമിക്കാനും മോദി മറന്നില്ല. ശാരീരികമായി ചിലര്‍ക്ക് പ്രായമേറിയെങ്കിലും അവരുടെ പക്വതയില്‍ അത് പ്രകടമല്ലെന്നും, കാര്യങ്ങളൊന്നും മനസിലാക്കാതെ പാര്‍ലമെന്റില്‍ വെറുതെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തുകയാണെന്നും രാഹുല്‍ ഗാന്ധിയെയും പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ കാര്യങ്ങള്‍ എങ്ങനെ നടത്തിക്കൊണ്ട് പോകണമെന്ന് കോണ്‍ഗ്രസിനെ ഞങ്ങള്‍ പഠിപ്പിച്ചു തരാമെന്നു പറഞ്ഞ മോദി ഭക്ഷ്യ സുരക്ഷ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാത്ത കേരളമടക്കമുളള നാലു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലുളളതാണെന്നും ചൂണ്ടിക്കാട്ടി. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് കേരള സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി