തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരന്‍ നഗരത്തില്‍ അഴിഞ്ഞാടി

single-img
3 March 2016

Sreeni Vasan 2

തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരന്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയാത്രക്കാരെ ആക്രമിച്ചു. പോലീസ് ജീപ്പ് തകര്‍ത്ത ഇയാള്‍ ആശുപത്രിയിലെത്തിയ രോഗികളെ അസഭ്യം വിളിച്ചു. കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ തിരുവനന്തപുരം റൂറല്‍ എ.ആര്‍. ക്യാമ്പിലെ 2756-ാം നമ്പര്‍ സി.പി.ഒ. ശ്രീനിവാസനാണ് (45) അക്രമം കാട്ടിയത്.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചിരുന്ന കേരള സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ആറ്റിങ്ങലില്‍ നിര്‍മിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടന പരിപാടിക്ക് സുരക്ഷയൊരുക്കാനെത്തിയതായിരുന്നു ശ്രീനിവാസന്‍. മന്ത്രി കെ.പി.മോഹനനായിരുന്നു ചടങ്ങില്‍ അധ്യക്ഷനാകേണ്ടിയിരുന്നത്. എന്നാല്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് മുഖ്യമന്ത്രിയും കെ.പി. മോഹനനും ചടങ്ങില്‍ പങ്കെടുത്തില്ല.

വന്‍ പോലീസ് സന്നാഹമാണ് ഉദ്ഘാടന ചടങ്ങിന് ഒരുക്കിയിരുന്നത്. ആറ്റിങ്ങലില്‍ നിന്നുള്ള പോലീസുകാര്‍ കൂടാതെ വിവിധ സ്റ്റേഷനുകളില്‍ നിന്നുളള പോലീസുകാരെയും തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള പോലീസുകാരെയും സ്ഥലത്തെത്തിച്ചിരുന്നു. വൈകിട്ട് നാലരയോടെ കച്ചേരിനടയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്കുള്ള റോഡില്‍ മദ്യലഹരിയിലെത്തിയ ശ്രീനിവാസന്‍ നടന്നുപോയവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം.

Sreenivasan

നാട്ടുകാര്‍ പോലീസിലറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ സ്റ്റേഷനില്‍ അക്രമാസക്തനായതിനെത്തുടര്‍ന്ന് വൈദ്യപരിശോധന നടത്താനായി ഇയാളെ വലിയകുന്ന് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആശുപത്രിയിലെത്തിയ ഉടന്‍ ഇയാള്‍ പോലീസ് ജീപ്പിന്റെ സീറ്റ് വലിച്ചിളക്കി പുറത്തെറിയുകയും പിന്നിലെ വാതിലില്‍ ഘടിപ്പിച്ചിരുന്ന സ്റ്റെപ്പിനി ടയര്‍ ചവിട്ടിയിളക്കിയിടുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നിന്ന രോഗികളെ അസഭ്യം വിളിച്ച ഇയാളെ മറ്റു പോലീസുകാര്‍ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗതികെട്ട പോലീസുകാര്‍ ശ്രീനിവാസനെ മുന്‍വശത്തെ സീറ്റിലിരുത്തി കൈയില്‍ വിലങ്ങിട്ട് ജീപ്പിനുള്ളില്‍ കെട്ടിയിടുകയായിരുന്നു.

വളരെ പണിപ്പെട്ട ശേഷമാണ് വൈദ്യപരിശോധന നടത്താനായത്. മദ്യപിച്ച് ബഹളമുണ്ടാക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും പോലീസിന്റെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് ശ്രീനിവാസനെതിരെ കേസെടുത്തതായി എസ്.ഐ. എസ്.ശ്രീജിത്ത് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.