അടിഞ്ഞുകൂടുന്ന മാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാലിന്യ പ്ലാന്റ് ചൈനയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

single-img
3 March 2016

China Waste Plant

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ചൈനയാണ് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നത്. ചൈനയിലെ മിക്ക നഗരങ്ങളുടെയും പുറത്ത് മാലിന്യ മലകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മാലിന്യകൂമ്പാരം ഇടിഞ്ഞ് വീണ് കഴിഞ്ഞ വര്‍ഷം ഇരുപതിലധികം പേര്‍ മരിച്ചുവെന്ന വാര്‍ത്ത ശെചനയിലെ ഈ മാലിന്യ പ്രശനത്തിന്റെ രൂക്ഷതയാണ് വെളിവാക്കുന്നതും.

എന്നാല്‍ ഇന്ന് മാലിന്യ നിറമ്മാര്‍ജ്ജനത്തില്‍ പുത്തന്‍ കാല്‍വെയ്പ്പുമായി ചൈന ബഹുദൂരം മുന്നിലാണ്. മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാമെന്ന് മനസ്സിലാക്കിയ ചൈനയില്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ മാലിന്യഊര്‍ജ്ജ പ്ലാന്റാണ് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്.

ചൈനയുടെ ഈ സ്വപ്ന പദ്ധതി ഷെന്‍ഷന്‍ പ്രവിശ്യാ ആസ്ഥാനത്താണ് നടപ്പാകുന്നത്. തുടക്കത്തില്‍ പ്ലാന്റിലേക്കെത്തുന്ന മാലിന്യത്തിന്റെ മൂന്നിലൊന്ന് ശതമാനം വരെ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാകുമെന്നും 2020 ഓടെ പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും അധികൃതര്‍ പറയുന്നു. മറ്റൊരു പ്രധാന കാര്യം, ഈ പ്ലാന്റില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും വൈദ്യുതി ഉത്പാദനത്തനും വേണ്ട ഊര്‍ജ്ജം സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുക എന്നുള്ളതാണ്.

ദിനംപ്രതിയെത്തുന്ന മാലിന്യം അന്ന് തന്നെ സംസ്‌കരിച്ച് വൈദ്യുത ഉത്പാദനം നടത്താന്‍ തക്ക ശേഷിയുള്ള പ്ലാന്റാണിത്. ഉത്പാദനത്തിന് ശേഷം ബാക്കി വരുന്ന വസ്തുക്കളുടെ നിര്‍മ്മാര്‍ജ്ജനത്തിനും പുനരുപയോഗത്തിനുമുള്ള സാങ്കേതിക വിദ്യയും പ്ലാന്റിലുണ്ട്. പരീക്ഷണാടിസ്ഥാനതതിലാണ് ഷെന്‍ഷനിലെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ തന്നെ ലക്ഷ്യമിടുന്ന അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായാല്‍ മറ്റ് നഗരങ്ങളിലേക്കും ഇതേ മാതൃകയിലുള്ള പ്ലാന്റുകള്‍ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.