കനയ്യയും ഖാലിദും നിരപരാധികൾ;വ്യാജ വീഡിയോ ചമച്ച് അനാവശ്യ ഇടപെടല്‍ നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ക്രിമിനില്‍ കേസ് എടുക്കണം: ഡല്‍ഹി സര്‍ക്കാര്‍.

single-img
3 March 2016

jnu-sedition-arrest759

രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെഎൻയു വിദ്യാർഥി നേതാവ് കനയ്യ കുമാർ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് ഡൽഹി സർക്കാർ. ജെഎൻയുവിലെ അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ കുറിച്ച് നടത്തി‍യ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാലു പേരെയാണ് ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ കനയ്യ കുമാറിന് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഡി.എസ്.യു നേതാവ് അനിര്‍ബനും ഐസ പ്രവര്‍ത്തകന്‍ അഷുതോഷും പുറമേനിന്നെത്തിയ ചിലരുമാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. സംഭവത്തില്‍ വ്യാജ വീഡിയോ ചമച്ച് അനാവശ്യ ഇടപെടല്‍ നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ക്രിമിനില്‍ കേസ് എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ജെ.എന്‍.യു സംഭവത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമര്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിലാണ് പാകിസ്താന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ന്നതെന്നാണ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വീഡിയോയില്‍ ഈ മുദ്രാവാക്യം കേള്‍ക്കാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരികള്‍ പോരാട്ടം തുടര്‍ന്നോളൂ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്ന ഉമര്‍ ഖാലിദ് പറയുന്നതായി വീഡിയോയിലുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ ഉമറിന്റെ നിലപാട് നേരത്തേ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന ക്യാമ്പസിന് പുറത്തുള്ളവരേപ്പറ്റി അന്വേഷണം നടത്തണം. മുഖം മറച്ച നിലയിലുള്ള ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തുന്നുണ്ടെന്നും ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുണ്ട്.

വീഡിയോകളില്‍ മൂന്നെണ്ണം എഡിറ്റ് ചെയ്തതാണ്. രണ്ടെണ്ണം വ്യാജമായി നിര്‍മ്മിച്ചതാണ്. ശില്‍പി തിവാരി എന്നയാളാണ് ഇതില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.