കോടതിയലക്ഷ്യ കേസ്: മന്ത്രി കെ.സി. ജോസഫ് മാപ്പ് പറഞ്ഞു

single-img
16 February 2016

kcj.jpg.image.784.410

കൊച്ചി: ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

ജസ്റീസ് അലക്സാണ്ടര്‍ തോമസിനെ സംബന്ധിച്ചു മന്ത്രി ഫേസ്ബുക്കില്‍ പോസ്റ് ചെയ്ത പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയാണു ഹൈക്കോടതി പരിഗണിച്ചത്. 2015 ജൂണ്‍ 23ന് ഒരു ഹര്‍ജി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ജസ്റീസ് അലക്സാണ്ടര്‍ തോമസ്, എജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്നും ബാര്‍ കേസില്‍ ബാറുടമകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ഹാജരാകുന്നതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കില്‍ മന്ത്രിയുടെ പ്രതികരണം പോസ്റ് ചെയ്തത്.