ആഭ്യന്തരവകുപ്പിന്റെ ഇടപെടൽ;പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നീക്കം തല്‍ക്കാലത്തേക്കു മരവിപ്പിച്ചു

single-img
15 February 2016

jayarajan1

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ ഹൈക്കോടതി റിമാൻഡ് ചെയ്ത ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് വരെ ജയരാജന് യാത്ര ചെയ്യുന്നതിന് ആരോഗ്യം തടസ്സമാവില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ജയിൽ അധികൃതർക്ക് റിപ്പോർട്ടും നൽകിയിരുന്നു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതിനെ തുടര്‍ന്നാണ് പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നീക്കം തല്‍ക്കാലത്തേക്കു മരവിപ്പിച്ചത്. ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാനായി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധികൂടി അറിഞ്ഞശേഷമേ ജയരാജനെ കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് സൂചന. സിപിഎമ്മിന്റെ സമ്മര്‍ദഫലമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

പരിയാരം സഹകരണ ഹൃദയാലയയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ മാറ്റേണ്ടെന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരോടു ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. സിബിഐയുടെയും കോടതിയുടെയും നിലപാടറിഞ്ഞശേഷം മാത്രം ആശുപത്രി മാറ്റം മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.

ഇന്ന് രാവിലെ എട്ട് മണിയോടെ ജയരാജനെ കോഴിക്കോടേക്ക് മാറ്റുന്നതിന് വേണ്ടി പയ്യന്നൂരിൽ നിന്ന് ഐ.സി.യു സംവിധാനമുള്ള ആംബുലൻസ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. സുരേന്ദ്രന്റെ നേതൃത്വത്തൽ നൂറോളം പൊലീസ് സന്നാഹവും മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്. കെ.എ.പി ബറ്റാലിയൻ ഉൾപ്പെടെ യുദ്ധസന്നാഹമായ പ്രതീതിയാണ് മെഡിക്കൽ കോളേജ് പരിസരത്തുള്ളത്.