വിവിഐപികളുടെ സുരക്ഷാ ജോലികളില്‍ നിന്നും ഭീകരവിരുദ്ധ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 600 കരിമ്പൂച്ച കമാന്‍ഡോകളെ തിരിച്ചുവിളിക്കുന്നു

single-img
15 February 2016

NSG

ഭീകരവിരുദ്ധ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 600 കരിമ്പൂച്ച കമാന്‍ഡോകളെ വിവിഐപികളുടെ സുരക്ഷാ ജോലികളില്‍ നിന്നും ദേശീയസുരക്ഷാ സേന തിരിച്ചുവിളിക്കുന്നു. എന്‍എസ്ജി രണ്ടരവര്‍ഷമായി ഈ പുനര്‍വിന്യാസത്തിന്റെ നടപടികളിലായിരുന്നു. പഠാന്‍കോട്ട് വ്യോമസേനാത്താവളത്തില്‍ ഭീകരാക്രമണമുണ്ടായപ്പോഴാണ് ആദ്യമായി കരിമ്പൂച്ച കമാന്‍ഡോകളെ ഭീകരരെ നേരിടാന്‍ അധികൃതര്‍ രംഗത്തിറക്കിയത്.

1984ല്‍ ഭീകരപ്രവര്‍ത്തനം നേരിടാന്‍ രൂപം കൊടുത്ത എന്‍എസ്ജി പിന്നീട് വിവിഐപികളുടെ സുരക്ഷാചുമതലകള്‍ക്കു മാത്രമായി നിയോഗിക്കപ്പെടുകയായിരുന്നു. രാജ്യം കടന്നുപോകുന്ന പ്രത്യേക സാഹചര്യം കണക്കാക്കി പതിനൊന്നാം സ്‌പെഷല്‍ റേഞ്ചേഴ്‌സ് ഗ്രൂപ്പിലെ മൂന്നു ടീമുകളില്‍ രണ്ടെണ്ണത്തെ വിവിഐപികളുടെ സുരക്ഷാ ജോലികളിനിന്നു മാറ്റി ഭീകരവിരുദ്ധ നടപടികള്‍ക്കായി പുതിയ കര്‍മപദ്ധതി പ്രകാരം നിയോഗിച്ചിട്ടുണ്ട്. ഒരു എസ്ആര്‍ജിയില്‍ 300 കമാന്‍ഡോകളുണ്ട്. യൂണിറ്റില്‍ ആയിരം കമാന്‍ഡോകളും.

രാജ്യത്തു കുറഞ്ഞത് 15 പ്രമുഖര്‍ എന്‍എസ്ജിയുടെ സുരക്ഷയിലാണ്. എന്നാല്‍ എന്‍.എസ്.ജിയെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയോഗിക്കുന്നതിന്റെ ഭാഗമായായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പുതിയ ആരുടെയും സുരക്ഷ എന്‍എസ്ജിയെ ഏല്‍പ്പിച്ചിട്ടില്ല.