ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്;പിന്തുണയുമായി രാജ്യത്തെ 40 കേന്ദ്രസർവകലാശാലകളിലെ അദ്ധ്യാപകർ

single-img
15 February 2016

kanhaiya-hindustan-against-students-february-sanjeev-president_46b9caa2-d355-11e5-9215-0a2a26aeb03b

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനും രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് പഠിപ്പമുടക്കുന്നു. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാജ്യത്തെ 40 കേന്ദ്രസർവകലാശാലകളിലെ അദ്ധ്യാപകർ രംഗത്തെത്തി. പൂനെ ഫിലിം ഇന്റസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളും ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തി.

 

വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം കനയ്യുടെ പൊലീസ് കസ്റ്റഡി ഇന്ന അവസാനിക്കും. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാരോപിച്ചാണ് കനയ്യയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ജെ.എൻ.യുവിൽ പ്രക്ഷോഭരംഗത്തുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തങ്ങളുടെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഫെഡറേഷൻ ഒഫ് സെൻട്രൽ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് നന്ദിത നാരായൺ വ്യക്തമാക്കി. ജെ.എൻ.യു പതിറ്റാണ്ടുകളായി മികവിന്റെ കേന്ദ്രമായി നിലനിൽക്കുകയാണ്. രാജ്യത്ത് നടക്കുന്ന ഓരോ സംഭവവികാസങ്ങൾക്കും അനീതികൾക്കുമെതിരെ അവർ നിരന്തരം പ്രതികരിയ്ക്കാറുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യ, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം തുടങ്ങിയവയ്ക്കെല്ലാം ജെ.എൻ.യുവിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നുവെന്ന് നന്ദിത ഓർമ്മിപ്പിച്ചു.

 

ഇന്ന് ജെ.എൻ.യുവാണ്. നാളെ അത് ഇന്ത്യയിലെ ഏത് സർവകലാശാലയുമാകാം. എതിർസ്വരങ്ങൾ ദേശവിരുദ്ധതയായി മുദ്ര കുത്തപ്പെടുന്നത് സമൂഹത്തിനാകെ വളരെ അപകടകരമായ സംഗതിയാണെന്ന് ലക്‌നൗ അംബേദ്‌കർ സർവകലാശാലയിലെ ഒരു അദ്ധ്യാപകൻ പറഞ്ഞു. ഇത്തരത്തിൽ ഹോസ്റ്റലിലും മറ്റും അതിക്രമിച്ച് കടന്ന് റെയ്ഡ് നടത്താൻ പൊലീസിനെ ഒരു സർവകലാശാലയും വിദ്യാഭ്യാസ സ്ഥാപനവും അനുവദിയ്ക്കരുതെന്നും അംബേദ്കർ സർവകലാശാല അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ജെ.എൻ.യു പ്രശ്‌നത്തെ വർഗീയവത്കരിയ്ക്കാനാണ് രാജ്നാഥ് സിംഗ് ശ്രമിയ്ക്കുന്നതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.
ലഷ്‌കർ ഇ തയിബ നേതാവ് ഹാഫിസ് സയിദുമായി ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ബന്ധമുണ്ടെന്ന രാജ്നാഥ് സിംഗിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഹാഫിസ് സയിദിന്റേതെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് ഷെയർ ചെയ്‌ത ട്വീറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലും വലിയ തോതിൽ പരിഹാസമുയർന്നിരിയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഹാഫിസിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും രാജ്നാഥ് സിംഗ് നടത്തുന്ന പരാമർശങ്ങൾ പ്രശ്‌നത്തെ വർഗീയവത്കരിയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും മനീഷ് തിവാരി ആരോപിച്ചു.