സൗജന്യ ഇന്റര്‍നെറ്റിന്റെ മറവില്‍ ലാഭം കൊയ്യാനുള്ള ഫ്രീ ബേസിക്സ് പദ്ധതി ഇന്ത്യയില്‍ ഫേസ്ബുക്ക് നിര്‍ത്തലാക്കി

single-img
11 February 2016

zuckerberg_1

ഇന്ത്യയില്‍ ഫ്രീ ബേസിക്സ് പദ്ധതി ഫേസ്ബുക്ക് നിര്‍ത്തലാക്കി. നെറ്റ് ന്യൂട്രാലിറ്റി നയം ടെലകോം റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചതോടെ യാണ് ഫേസ്ബുക്കിന്റെ പിന്‍മാറ്റം. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഡിഫറന്‍ഷ്യല്‍ പ്രൈസിങ് നിരോധിച്ചതോടെയാണ് സൗജന്യ ഇന്റര്‍നെറ്റിനുള്ള ഫ്രീ ബേസിക്സ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി ഫേസ്ബുക്ക് അറിയിച്ചത്.

ഫ്രീ ബേസിക്സ് ഇനി ഇന്ത്യക്കാര്‍ക്ക് ലഭ്യമായിരിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഫേസ് ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ ഫ്രീബേസിക്സിന് കനത്ത തിരിച്ചടി നല്‍കി ഇന്റര്‍നെറ്റ് നിഷ്പക്ഷതയ്ക്ക് അനുകൂലമായി ട്രായ് നിലപാടെടുത്തിരുന്നു. രാജ്യമെങ്ങും ഉയര്‍ന്ന അതിശക്തമായ പ്രചാരണത്തിന്റെ ഫലമായായിരുന്നു ഇത്. ഇന്ത്യയില്‍ ഒരേ ഡാറ്റാ നിരക്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്നും ഇത് ലംഘിക്കുന്നവരില്‍നിന്ന് പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും ട്രായ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു.

ഏതാനും വെബ് സേവനങ്ങള്‍ മാത്രം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനു വേണ്ടി ഫേസ്ബുക്കും ഇന്റര്‍നെറ്റ് സെര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്ന് നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് ഫ്രീബേസിക്സ്. നേരത്തെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്നറിയപ്പെട്ടിരുന്ന ഇത് ഇന്റര്‍നെറ്റ് എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിട്ടതിനാല്‍ ഫ്രീബേസിക്സ് എന്ന പേരില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും അവതരിപ്പിക്കുകയായിരുന്നു.