പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്ത ഗുജറാത്തിനെതിരെ സുപ്രീകോടതിയുടെ രുക്ഷവിമര്‍ശനം

single-img
1 February 2016

supreme court

ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാണ് ഗുജറാത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനമേറ്റ് വാങ്ങേണ്ടിവന്നത്. ഗുജറാത്ത് എന്താ ഇന്ത്യയിലല്ലേയെന്നാണ് കോടതി ചോദിച്ചത്.

വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ മടിക്കുന്നുവെന്ന് കോടതി ചോദിച്ചു. ‘പാര്‍ലമെന്റ് എന്താണ് ചെയ്യുന്നത്? ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ? ഇന്ത്യയിലാകമാനം ബാധകമായ ഭക്ഷ്യസുരക്ഷാ നിയമം പറയുന്നത്. എന്നാല്‍ ഗുജറാത്ത് മാത്രം എന്തുകൊണ്ട് പാസാദക്കുന്നില്ല. നാളെ ഇനിയാരെങ്കിലും തങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും സിആര്‍പിസിയും എവിഡന്‍സ് ആക്ടും നടപ്പാക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തില്ലേ?’ കോടതി ചോദിച്ചു.

ജസ്റ്റീസ് മദന്‍ ബി ലൊക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംസ്ഥാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, ഉച്ച ഭക്ഷണ പദ്ധതി തുടങ്ങിയ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.