തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നു
തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നാലംഗസംഘം നടുറോഡില്‍ ക്രൂരമായി തല്ലിക്കൊന്നു. വക്കം മണക്കാട് വീട്ടില്‍ ഷബീറാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ വക്കം റെയില്വെക്രോസിന് മുന്നിലാണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ ഷബീറിനെയും സുഹൃത്തിനേയും നാലംഗ സംഘം തടഞ്ഞ് തല്ലിവീഴ്ത്തുകയായിരുന്നു.ബൈക്കിന് പുറകിലിരുന്ന ഷബീര്‍ ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും സംഘം അടിച്ചുവീഴ്തി. മരപ്പലകകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അടിയേറ്റ് നിലത്തുവീണ ഷബീറിനെ അതിക്രൂരമായി തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാള്‍ ഷബീറിന്റെ രണ്ടു കാലുകളും പിടിച്ചുയര്‍ത്തി നിര്‍ത്തിയപ്പോള്‍ രണ്ടാമന് തടിക്കഷണം ഉപയോഗിച്ച് ക്രൂരമായി നിരവധി തവണ മര്‍ദിക്കുകയായിരുന്നു. അടിച്ചുകൊല്ലടാ എന്ന് അക്രമികള്‍ വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.