ഒഡീഷയില്‍ ഇറാഖി പൗരന്‍മാരെന്ന് സംശയിക്കുന്ന നാല് പേരെ കാണാതായി; പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

single-img
27 January 2016

Bhubaneshwarഭുവനേശ്വര്‍: ഒഡീഷയില്‍ ഇറാഖി പൗരന്‍മാരെന്ന് സംശയിക്കുന്ന നാല് പേരെ കാണാതായി. തുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭുവനേശ്വറിലെ ആര്യമഹലില്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം എത്തിയ നാല് പേരുടെ സംശയകരമായ പെരുമാറ്റവും തിരോധാനവുമാണ് പോലീസിന്റെ ജാഗ്രതാ നിര്‍ദേശത്തിന് പിറകില്‍.തിങ്കളാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് ഇറാഖി പൗരന്‍മാരെന്ന് സ്വയം പരിചയപ്പെടുത്തിയ നാല് പേര്‍ ആര്യമഹല്‍ ഹോട്ടലില്‍ മുറി തേടിയെത്തിയത്. ഡല്‍ഹി രജിസ്‌ട്രേഷന്‍ കാറില്‍ എത്തിയ ഇവരില്‍ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന ഒരാളാണ് റിസപ്ഷനിലെത്തി രണ്ട് റൂം ആവശ്യപ്പെട്ടത്.

മറ്റുള്ളവര്‍ പാര്‍ക്കിംഗ് എരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ തന്നെ ഇരുന്നു. റൂം തരണമെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍  പുറത്തേക്ക് പോയി. നാല്‍വര്‍ സംഘത്തിന്റെ പെരുമാറ്റത്തില്‍ പന്തിക്കേട് തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസെത്തും മുന്‍പേ ഇവര്‍ അപ്രത്യക്ഷരായെന്ന് ഡി.ജി.പി  പറഞ്ഞു.

കാണാതായവര്‍ക്കായി പോലീസ് വ്യാപകപരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ നിന്ന് റിസപ്ഷനിലെത്തി സംസാരിച്ച ആളുടേയും കാറിന്റേയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.  സംഭവത്തിന്റെ പശ്ചാത്തലത്തില്‍  മുഖ്യമന്ത്രിയുടെ സുരക്ഷയും വര്‍ധിപ്പിച്ചു. നാല്‍വര്‍ സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് പോലീസ് മേധാവി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.