മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്ത് ദമ്പതികളെ കൈയേറ്റം ചെയ്ത കേസില്‍ ബിഹാര്‍ എം.എല്‍.എയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
25 January 2016

MLA

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുകയും കൂടെ യാത്രചെയ്ത ദമ്പതികളെ കൈയേറ്റം ചെയ്യുകയും ചെയ്ത കേസില്‍ ജനതദള്‍ (യു) സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ സര്‍ഫറാസ് അലമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 17നു രാജധാനി എക്‌സ്പ്രസില്‍ വെച്ച് ദമ്പതികളോടു മോശമായി പെരുമാറിയെന്നും കയ്യേറ്റം ചെയ്‌തെന്നുമാണ് പരാതി. എംഎല്‍എയെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന എംഎല്‍എ മദ്യലഹരിയിലായിരുന്നു. ആര്‍ജെഡി എംപി മുഹമ്മദ് തസ്‌ലീമുദീന്റെ മകനാണു സര്‍ഫറാസ് അലം. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

സംഭവത്തിന്റെ വിഡിയോ ദൃശ്യമാധ്യമങ്ങളിലും വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുകയായിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ എം.എല്‍.എയെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.