രോഹിത് വെമൂലയുടെ മരണം; ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി എത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ആട്ടിയോടിച്ച് ദളിത് കോളനികള്‍

single-img
25 January 2016

bjp11446976643

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി എത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ആട്ടിയോടിച്ച് ദളിത് കോളനികള്‍. രോഹിത് വെമൂലയുടെ മരണം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്. രോഹിത് വെമൂലയുടെ മരണത്തെ തുടര്‍ന്ന് മുഖംരക്ഷിക്കല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗതെത്തിയിട്ടുണ്ടെങ്കിലും ഇതെല്ലാം തിരസ്‌കരിച്ച് രോഹിതിന്റെ കുടുംബവും സഹപാഠികളും സമരത്തിലാണ്.

ഗ്രെയിറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ഫെബ്രുവരി രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ജനരോഷം നേരിട്ടറിഞ്ഞത്. ദളിത് കുടുംബംഗങ്ങള്‍ കൂടുതലുള്ള കോളനികളിലെല്ലാം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കടുത്ത വിയോജിപ്പാണ് നേരിടേണ്ടി വരുന്നത്. അറുപത്തിയഞ്ചോളം മുനിസിപ്പല്‍ വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ വാര്‍ഡില്‍ നിന്നു തുരത്തുകയോ വോട്ടിനായി സമീപിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദയവായി തിരിച്ചു പോകുക. കാരണം ദേശവിരുദ്ധരുടെ വോട്ട് ബിജെപിക്ക് ആവശ്യമില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വോട്ടര്‍മാര്‍ ബിജെപി സ്ഥാനാര്‍ഥികളെ നേരിട്ടത്. ബിജെപിയുടെ നയങ്ങളും എബിവിപിയുടെ പീഡനവുമാണ് രോഹിതിന്റെ ആത്മഹത്യക്ക് കാരണമായതെന്ന രീതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ദളിത് കോളനികള്‍. ദളിത് സാന്നിധ്യം പ്രകടമായ 65 വാര്‍ഡുകളിലും സഞ്ചരിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെടുമെന്ന് മാല സംഘത്തിന്റെ തെലങ്കാന സംസ്ഥാന അധ്യക്ഷനായ ബി ബ്രഹ്മപ്രസാദ് പറഞ്ഞു.