റൊണാള്‍ഡിഞ്ഞോക്ക് കോഴിക്കോടിന്റെ ആവേശോജ്ജ്വലമായ വരവേല്‍പ്പ്

single-img
24 January 2016

Ronaldinhoകോഴിക്കോട്: ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോക്ക് കോഴിക്കോടിന്റെ വരവേല്‍പ്പ്. കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സേട്ട് നഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വിശിഷ്ടാതിഥിയായി ഇപ്പോള്‍ അദ്ദേഹം കേരളത്തില്‍ എത്തിയത്.  രാവിലെ മുതല്‍ കാത്തുനിന്ന ഫുട്‌ബോള്‍പ്രേമികള്‍ നിറഞ്ഞ ആവേശത്തോടെ താരത്തെ വരവേറ്റു. കോഴിക്കോട് വിമാനത്താവളത്തില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് ഗംഭീര വരവേല്‍പ്പാണ് കാല്‍പ്പന്തുകളിയുടെ ആവേശം നെഞ്ചേറ്റിയ ജനത നല്‍കിയത്.

21 വര്‍ഷത്തിന് ശേഷം നാഗ്ജി ഫുട്‌ബോളിന് പുനര്‍ജീവനേകാനുള്ള ദൗത്യവുമായാണ് റൊണാള്‍ഡീന്യോ കോഴിക്കോടിന്റെ മണ്ണിലിറങ്ങിയത്. ഫിബ്രവരി അഞ്ചിന് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വീണ്ടും പന്തുരുളുമ്പോള്‍ അത് കേരള ഫുട്‌ബോളില്‍ പുതിയ ചരിത്രംപിറക്കും.

ആവേശം നിറഞ്ഞു തുളുമ്പിയതോടെ റൊണാള്‍ഡീന്യോയെ വിമാനത്താവളത്തിന് പുറത്തേക്കെത്തിക്കാന്‍ സംഘാടകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിക്കിനും തിരക്കിനുമിടയില്‍ ഏറെ പണിപ്പെടേണ്ടിവന്നു.

നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ റൊണാള്‍ഡീന്യോയാണ്. ഞായറാഴ്ച വൈകുന്നേരം ആറിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന നാല്‍പ്പത് മിനുട്ട് നീണ്ടുനില്‍ക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍  മാത്രമായാണ് അദ്ദേഹംവരുന്നത്.രാവിലെ എട്ട് മണിക്ക് കൊച്ചിയില്‍ വിമാനമിറങ്ങിയ റൊണാള്‍ഡീന്യോ പ്രത്യേകം ചാര്‍ട്ടര്‍ചെയ്ത വിമാനത്തിലാണ് 10 മണിയോടെ കോഴിക്കോട്ടെത്തിയത്. കെ.ഡി.എഫ്.എ.യുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

റൊണാള്‍ഡീന്യോക്ക് കനത്ത് സുരക്ഷ ഉറപ്പാക്കേണ്ടതിനാല്‍ പ്രത്യേകം പാസ്സുള്ളവര്‍ക്ക് മാത്രമായിരിക്കും വേദിക്കരികിലേക്ക് പ്രവേശനം നല്‍കുക. മലബാറിലെത്തുന്ന മൂന്നാമത്തെ ലോകകപ്പ് താരമാണ് റൊണാള്‍ഡീന്യോ. ഡിഗോ മാറഡോണ രണ്ടുവര്‍ഷംമുമ്പ് കണ്ണൂരിലും കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിന്റെ പീറ്റര്‍ ഷില്‍ട്ടണ്‍ കോഴിക്കോട്ടും വന്നിരുന്നു.  ഫിബ്രവരി അഞ്ച് മുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.