ജനുവരി 23-ന് രാജ്യത്ത് തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന് ഐബി

single-img
20 January 2016

suspicious-man-in-army-uniform-in-gurdaspur-after-pathankot-terror-attack-568d396832ec2_exlstഡല്‍ഹി: ജനുവരി 23-ന് രാജ്യത്ത് തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന് ഐബി മുന്നറിയിപ്പ്. ബംഗ്ലാദേശ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിസ്ബ് ഉദ് തഹിറീര്‍ രാജ്യത്തെ 23 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്. ബോംബാക്രമണമോ, ചാവേറാക്രമണമോ ആയിരിക്കും തീവ്രവാദികള്‍ നടത്തുകയെന്നും സംസ്ഥാന പോലീസ് മേധാവികള്‍ക്കും, സേനാവിഭാഗങ്ങള്‍ക്കും അയച്ച കത്തില്‍ ഐ.ബി വ്യക്തമാക്കുന്നു. ഐ.ബിയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു ബംഗ്ലാദേശ് മൊബൈല്‍ നമ്പറിലേക്ക് വന്ന ചില സന്ദേശങ്ങളാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കാരണം എന്നാണ് സൂചന.

ഷോപ്പിംഗ് മാളുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാവാം തീവ്രാവാദികളുടെ ലക്ഷ്യമെന്നും, ജയ്‌ഷെ മൊഹമ്മദ്, ലക്ഷകര്‍ ഇ തോയിബ എന്നിവരുടെ സഹായത്തോടെയാവും ഹിസ്ബ് ഉധ് തഹിറീര്‍ ആക്രമണം നടത്തുകയെന്നും കത്തിലൂടെ ഐ.ബി സേനാതലവന്‍മാരെ അറിയിക്കുന്നു.

നേരത്തെ തീവ്രവാദി ആക്രമണം നടന്ന ഗുര്‍ദാസ്പുറും, പഠാന്‍കോട്ടും  തീവ്രവാദികളുടെ ലക്ഷ്യത്തിലുണ്ടെന്നും ഐ.ബി സുരക്ഷാസേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യം റിപ്പബ്‌ളിക് ദിനാഘോഷങ്ങളിലേക്ക് നീങ്ങുന്നതുകൂടി കണക്കിലെടുത്ത് സേനാവിഭാഗങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും, സേനാ ആസ്ഥാനങ്ങളുടെ സുരക്ഷ പരിശോധിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും ഐ.ബി ആവശ്യപ്പെടുന്നു.