ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ 400 വര്‍ഷമായി ദളിതര്‍ക്കും സ്ത്രീകള്‍ക്കും തുടരുന്ന പ്രവേശന വിലക്ക് ക്ഷേത്ര അധികൃതര്‍ അവസാനിപ്പിച്ചു

single-img
18 January 2016

temple_0

ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ 400 വര്‍ഷമായി ദളിതര്‍ക്കും സ്ത്രീകള്‍ക്കും തുടരുന്ന പ്രവേശന വിലക്ക് ക്ഷേത്ര അധികൃതര്‍ അവസാനിപ്പിച്ചു. ഗര്‍വാളിലെ ജൗന്‍സാര്‍ ബവാര്‍ പ്രദേശത്തെ പരശുരാമ ക്ഷേത്രമാണ് എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്നുകൊടുത്ത് ത്തരവായത്. മാത്രമല്ല, ക്ഷേത്രത്തില്‍ മൃഗബലി നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തീരുമാനത്തെ ദളിത് സമുദായങ്ങള്‍ സ്വാഗതം ചെയ്തു. പ്രദേശത്തെ ജനങ്ങള്‍ കാലത്തിനൊത്ത മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ജവഹര്‍ സിങ് ചൗഹാന്‍ പറഞ്ഞത്. ക്ഷേത്രവിലക്കിനെതിരെ 13 വര്‍ഷമായി ദളിത് സംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു.

ഇതിനിടയില്‍ ദളിതരെ തടയാന്‍ നിയമമില്ലായിരുന്നുവെന്നും അവര്‍ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ വരാതിരിക്കുകയാണെന്നുമുള്ള ജവഹര്‍ സിങ് ചൗഹാന്റെ പരാമര്‍ശം ദളിത് പ്രതിനിധികള്‍ നിഷേധിച്ചിട്ടുണ്ട്.

മുമ്പ് ദര്‍ശനത്തിനെത്തിയ ദളിതര്‍ക്ക് ക്ഷേത്രകവാടത്തില്‍ ക്രൂരമര്‍ദനമേറ്റിട്ടുണ്ടെന്ന് ദളിത് നേതാവ് ദൗലത് കുന്‍വാര്‍ പറഞ്ഞു. ഇതൊരു മുന്നേറ്റമാണെന്നും ഈ മുന്നേറ്റത്തെ തുടര്‍ന്ന് മേഖലയിലെ 339 ക്ഷേത്രങ്ങളില്‍ തുടരുന്ന വിലക്ക് നീക്കാന്‍ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ക്ഷേത്രം 400 വര്‍ഷം മുമ്പ് നിര്‍മ്മിച്ചപ്പോള്‍ മുതല്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശമുണ്ടായിരുന്നില്ല.