സമ്മാനം കിട്ടിയ ഒരുലക്ഷം രൂപ വൃക്കരോഗം ബാധിച്ച ആരോരുമില്ലാത്ത ശബ്‌ന എന്ന പെണ്‍കുട്ടിയുടെ വൃക്കമാറ്റിവെയ്ക്കല ശസ്ത്രക്രിയയ്ക്ക് നല്‍കി ഷാജഹാന്‍ എന്ന യുവാവ്

single-img
18 January 2016

1655839_509673785870641_5921639828702835378_n

തനിക്ക് സമ്മാനം കിട്ടിയ തുക നിര്‍ദ്ധനയും അനാഥയുമായ ഒരു പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിക്കാന്‍ നല്‍കി യുവാവ് മാതൃകയായി. കപ്പൂര്‍ പഞ്ചായത്തിലെ കൊഴിക്കര പളളത്ത് ചേമ്പിലക്കടവില്‍ ബാവയുടെ മകനായ ഷാജഹാനാണ് തനിക്കു ലഭിച്ച ഒരുലക്ഷം സമ്മാന തുക മുക്കൂതല സ്വദേശി ശബ്‌നയുടെ വൃക്കമാറ്റിവെയ്ക്കലിന് നല്‍കിയത്.

യു.എ.ഇയിലെ പ്രമുഖ റേഡിയോ ആയ ഗോള്‍ഡ് എഫ്.എമ്മിലൂടെ എസ്.എം.എസ് അയച്ച് ലഭിച്ച 5000 ദിര്‍ഹമാണ് യുവാവ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നത്. നേരത്തെ ചാലിശ്ശേരി സ്വദേശിയായ ബസ് ഉടമ ഒരു ദിവസത്തെ ബസിന്റെ കളക്ഷന്‍ വൃക്കമാറ്റിവെയ്ക്കലിന്റെ ചെലവിലേക്ക് നല്‍കിയതിന് പിറകെയാണ് സഹായവുമായി ഷാജഹാന്‍ രംഗത്തെത്തിയത്.

ശബ്‌നക്ക് വൃക്കമാറ്റിവെയ്ക്കലിന് ഒരു ലക്ഷം രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍വന്ന പോസ്റ്ററാണ് ഷാജഹാനെ പ്രസ്തുത ജീവകാരുണ്യ പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുന്ന ഷാജഹാന്‍ അടുത്തിടെ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ സുഹൃത്ത് വഴി ശബ്‌നയുടെ അസുഖത്തെകുറിച്ച് അറിഞ്ഞിരുന്നു. പണം നല്‍കുന്ന വിവരം ഗോള്‍ഡ് എഫ്.എമ്മിന്റെ അവതാരകനായ വൈശാഖിനെ അറിയിച്ചിട്ടുണ്ട്.

അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിച്ച് പോകുകയും ചെയ്തതോടെ ഒറ്റപ്പെട്ട ശബ്‌ന രോഗത്തിന്റെ പിടിയിലായതോടെ മാനസികമായി തളര്‍ന്നിരുന്നു. സ്ഥിരമായി റേഡിയോ പരിപാടിക്ക് എസ്.എം.എസ് അയക്കുന്ന ഷാജഹാന് അപ്രതീക്ഷിതമായി കിട്ടിയ ഈ ഭാഗ്യസമ്മാനം ശബ്‌നയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പൂര്‍ണ്ണ മനസ്സോടെ നല്‍കുകയായിരുന്നു.