ഗുര്‍ദാസ്പുര്‍ എസ്.പിയെ കസ്റ്റഡിയിൽ എടുത്തേക്കും;സ്ത്രീകളെ ഉപയോഗിച്ച് ഭീകരര്‍ എസ്.പിയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയം

single-img
6 January 2016

പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പുര്‍ എസ്.പിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തേക്കും. സ്ത്രീകളെ ഉപയോഗിച്ച് ഭീകരര്‍ എസ്.പിയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയവും ശക്തമായിട്ടുണ്ട്

salwinderപത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ഗുരുദാസ്പുര്‍ എസ് പിയെ എന്‍ ഐ എ ചോദ്യം ചെയ്തു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിംഗ്, അദ്ദേഹത്തിന്റെ പാചകക്കാരന്‍ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സല്‍വീന്ദര്‍ സിംഗിന്റെ മൊഴികളില്‍ ദുരൂഹത നിലനില്‍ക്കുന്നതാണ് ഗുരുദാസ്പുര്‍ എസ്പിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. എത്ര തീവ്രവാദികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളില്‍ പോലും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണിത്.

പാക് ചാരസംഘടനയായ ഐ.എസുമായി എസ്.പിക്ക് ബന്ധമുണ്ടോയെന്നും എന്‍.ഐ.എഅന്വേഷിച്ചു വരികയാണ്. ഔദ്യോഗിക വാഹനവും മൊബൈല്‍ഫോണും ഭീകരര്‍ തട്ടിയെടുത്തുവെന്ന സല്‍വീന്ദര്‍ സിങിന്റെ മൊഴിയിലും വൈരുധ്യം നിലനില്‍ക്കുന്നുണ്ട്.

പത്താന്‍കോട്ടുളള ഒരു തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷം ഗുരുദാസ്പുരിലേക്ക് യാത്ര തിരിക്കുമ്പോഴാണ് തീവ്രവാദികള്‍ തങ്ങളുടെ വാഹനത്തെ ആക്രമിച്ചതെന്നായിരുന്നു എസ്പിയുടെ പാചകക്കാരനും ജ്വല്ലറി ഉടമ രാജേഷ് വര്‍മ്മയും മൊഴി നല്‍കിയിരിക്കുന്നത്. മൂവരുടെയും മൊഴികളില്‍ വൈരുദ്ധ്യം ഉളളതും എസ്പിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

തീവ്രവാദികള്‍ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സല്‍വീന്ദര്‍ സിംഗ് പറഞ്ഞു. താന്‍ പൊലീസ് ഓഫീസറാണെന്ന് തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചുകാണില്ലെന്നും അതുകൊണ്ടാവാം തന്നെ കൊല്ലാതെ വിട്ടതെന്നും സല്‍വീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ കാര്‍ തീവ്രവാദികള്‍ പിടിച്ചെടുത്തശേഷം കൈയ്യും കാലും കൂട്ടികെട്ടിയും, വായും കണ്ണും മൂടിയുമാണ് കൊണ്ടുപോയത്.

താന്‍ ജീവനോടെ മടങ്ങിയെത്തിയത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, തീവ്രവാദികള്‍ തന്നെ കൊല്ലാനായി തിരിച്ചുവരുമെന്നും, താന്‍ നിരപരാധിയാണെന്നും സല്‍വീന്ദര്‍ വ്യക്തമാക്കി. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തന്നെ ശിക്ഷിക്കണമെന്നും സല്‍വീന്ദര്‍ പറഞ്ഞു.

ഇന്നലെ രാത്രി വളരെ വൈകിയും സല്‍വിന്ദര്‍ സിങിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.