‘കോണ്‍ഗ്രസാണ് ഇപ്പോള്‍ അധികാരത്തിലെങ്കില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവന് പ്രതികാരം ചെയ്യാന്‍ പാകിസ്താനെ ആക്രമിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയിലാണ്’- പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മോഡിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

single-img
5 January 2016

narendra-modi-nawaz-sharif-pti_650x400_81451055752മുംബൈ: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമല്ലെന്നാണ് ആക്രമണം തെളിയിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകര്‍ന്നിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി ആര്‍പ്പിക്കല്‍ മാത്രമാണിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പണിയെന്നും ശിവസേന മുഖപത്രമായ സാമ്‌ന വിമര്‍ശിക്കുന്നു.

നവാസ് ഷെരീഫിന്റെ ഒരു കപ്പ് ചായയ്ക്ക് നമ്മുടെ ഏഴ് സൈനികരാണ് രക്തസാക്ഷികളായത്. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ താറുമാറായി കിടക്കുകയാണ്. ആറ് ഭീകരരെ കൊണ്ട് പാകിസ്താന്‍ ഇന്ത്യയുടെ സ്വാഭിമാനമാണ് ഇല്ലാതാക്കിയത്.

കഴിഞ്ഞയാഴ്ച്ച മോഡി നവാസ് ഷെരീഫിനെ കാണാന്‍ ലാഹോറിലേക്ക് പുറപ്പെട്ടപ്പോള്‍ പാകിസ്താനെ വിശ്വസിക്കരുതെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നമ്മള്‍ ഏങ്ങനെ വഞ്ചിക്കപ്പെട്ടുവെന്ന് കണ്ടുവല്ലോ. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് പാകിസ്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ കൈമാറാന്‍ തയ്യാറാകണമെന്നും ശിവസേന ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ അധികാരത്തിലെങ്കില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവന് പ്രതികാരം ചെയ്യാന്‍ പാകിസ്താനെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണെന്നും ബിജെപിയെ ലക്ഷ്യമിട്ട് പത്രം പരിഹസിച്ചു.

ലോകത്തെ ഒന്നിപ്പിക്കാനാണ് പ്രധാനമന്ത്രി മോഡിയുടെ ശ്രമം. ആദ്യം ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.  പത്താന്‍കോട്ട് ആക്രമണത്തിന് തിരിച്ചടി നല്‍കാതെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ സൈനിക ശക്തി പ്രകടിപ്പിച്ചത് കൊണ്ട് ഒന്നുമാകില്ലെന്നും പത്രം വിമര്‍ശിക്കുന്നു.