പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വീണ്ടും സ്‌ഫോടനം; പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനം

single-img
5 January 2016

pathankot-attack_650x400_61451836116പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ സൈനിക നടപടി  നാലാം ദിവസവും തുടരുന്നതിനിടെ  വീണ്ടും സ്‌ഫോടനം. ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കുന്നു. അതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യോമതാവളത്തിലെത്തി. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നര മുതല്‍ തുടങ്ങിയ സൈനിക നടപടി 80 മണിക്കൂര്‍ പിന്നിടവെയാണ് വ്യോമതാവളത്തില്‍ വീണ്ടും സ്‌ഫോടന ശബ്ദം കേട്ടത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനമുണ്ടായത്. വ്യോമതാവളത്തിലെത്തിയ പ്രതിരോധ മന്ത്രി കര-നാവിക-വ്യോമ സേനാ മേധാവിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മാധ്യമങ്ങളെ കാണും.

നാലാംദിവസവും ദേശീയ സുരക്ഷ ഗാര്‍ഡ്‌സ് തെരച്ചില്‍ തുടരവെ ഒരു മൃതദേഹം കൂടി കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറാമത്തെ ഭീകരനാകാം ഇതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വ്യോമകേന്ദ്രത്തിനുള്ളില്‍ അവശേഷിക്കുന്ന ഭീകരരെ തുരത്താന്‍ ഭീകരരുണ്ടെന്ന് കരുതുന്ന ഇരുനില കെട്ടിടം ഇന്നലെ രാത്രി സൈന്യം തകര്‍ത്തിരുന്നു. ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്. 20 സൈനികര്‍ക്ക് പരിക്കേറ്റു. അഞ്ച് ഭീകരരെ വധിച്ചതായാണ് ഔദ്യോഗിക ഭാഷ്യം. സുരക്ഷാ പരിശോധനയ്ക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് മലയാളി എന്‍എസ്ജി കമാന്‍ഡോ നിരഞ്ജന്‍ കുമാര്‍ മരിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം.