നിരോധിച്ചിരുന്ന സമയം മാഗി നൂഡില്‍സ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയതിന് സ്‌നാപ്ഡീലിനെതിരെ കേസ്

single-img
5 January 2016

maggieജയ്പൂര്‍: നിരോധന കാലത്ത്  മാഗി നൂഡില്‍സ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  സ്‌നാപ്ഡീലിനെതിരെ കേസ്. അഞ്ചു സംസ്ഥാനങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌നാപ്ഡീല്‍ സി.ഇ.ഒ കുനല്‍ ബല്‍, സ്ഥാപകന്‍ റോഹിത് ബന്‍സാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴ് മുതല്‍ ഒക്‌ടോബര്‍ 30 വരെയാണ് മാഗി നിരോച്ചിരുന്നത്.

ജയ്പൂര്‍ സ്വദേശിയായ അഡ്വ. ലളിത് ശര്‍മ്മയാണ് കേസ് നല്‍കിയത്.  എന്നാല്‍ കേസുമായി ബന്ധപ്പെട്ട്  വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം മാഗി നൂഡില്‍സ് നിരോധിച്ചത്. വിവിധ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോംബെ ഹൈക്കോടതി നിരോധനം എടുത്തുമാറ്റിയത്.