സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിയമം അനുവദിച്ചാല്‍ വെടിവച്ചുകൊല്ലാന്‍ പോലീസ് മടിക്കില്ലെന്ന്‍ ബി.എസ് ബസ്സി

single-img
5 January 2016

Bassiന്യുഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിയമം അനുവദിച്ചാല്‍  വെടിവച്ചുകൊല്ലാനോ തൂക്കിലേറ്റാനോ പോലീസ് മടിക്കില്ലെന്ന്‍ ഡല്‍ഹി  കമ്മീഷണര്‍ ബി.എസ് ബസ്സി.  പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. തിങ്കളാഴ്ച നടത്തിയ ഡല്‍ഹി പോലീസിന്റെ വാര്‍ഷിക വാര്‍ത്തസമ്മേളനത്തിലാണ് ബസ്സി ഇങ്ങനെ പ്രതികരിച്ചത്.

ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 2014നെ അപേക്ഷിച്ച് പോയവര്‍ഷം 24 വര്‍ധിച്ചതായും ബസ്സി പറഞ്ഞു. 2014ല്‍ 1,47,237 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിടത്ത് കഴിഞ്ഞ വര്‍ഷം 1,82,644 ആയി ഉയര്‍ന്നു. കൊലപാതക കേസുകളില്‍ 3.91% കുറവു വന്നിട്ടുണ്ട്. എന്നാല്‍ മാനഭംഗം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കേസുകളില്‍ യഥാക്രമം 0.48 ശതമാനവും 24.15 ശതമാനവും വര്‍ധനവ് വന്നിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉറപ്പാക്കാന്‍ പോലീസ് എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായും ബസ്സി പറഞ്ഞു.

ട്രാഫിക് ഡ്യൂട്ടിയില്‍ നിയോഗിച്ചിരിക്കുന്ന 1000 ഓഫീസര്‍മാര്‍ക്ക് റൈഫിളുകള്‍ നല്‍കും. ട്രാഫിക് പോലീസിനെതിരായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിതെന്നും ബസ്സി വ്യക്തമാക്കി. ഡല്‍ഹി പോലീസ് സമ്മര്‍ദ്ദത്തിനു കീഴിലല്ല എന്നതില്‍ ഡല്‍ഹി നിവാസികള്‍ ഭാഗ്യവാന്മാരാണ്. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഡല്‍ഹിയിലെ കാര്യത്തില്‍ ഇടപെടുന്നില്ല. മുഖ്യമന്ത്രിക്ക് മാത്രമാണ് അത്തരം താല്‍പര്യമെന്നും ബസ്സി കൂട്ടിച്ചേര്‍ത്തു.