മതവിദ്വേഷ പ്രസംഗം; വെള്ളാപ്പള്ളി അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മുന്‍പാകെ ഹാജരായി

single-img
4 January 2016

vellappally-fകൊച്ചി : വിവാദ പ്രസംഗത്തിന്റെ പേരില്‍  വെള്ളാപ്പള്ളി നടേശന്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മുന്‍പാകെ ഹാജരായി. ആലുവ സി.ഐയ്‌ക്ക് മുന്‍പാകെ ഹാജരായ വെള്ളാപ്പള്ളിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം മൊഴിയെടുക്കല്‍ തുടരുകയാണ്‌. ഈ മാസം 10 ന്‌ മുന്‍പ്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‌ മുന്‍പാകെ ഹാജരാകണമെന്ന ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യ വ്യവസ്‌ഥ പ്രകാരമാണ്‌ വെള്ളാപ്പള്ളി  ഹാജരായത്.

രാവിലെ പത്തരയോടെ കുടുംബാംഗങ്ങള്‍ക്ക്‌ ഒപ്പം വെള്ളാപ്പള്ളി നടേശന്‍ ഹാജരാകാനെത്തിയത്‌. തുടര്‍ന്ന്‌ മതവിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ വെള്ളാപ്പള്ളിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. മൊഴിയെടുക്കലിന്‌ ശേഷം വെള്ളാപ്പള്ളിയെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കുകയും തുടര്‍ന്ന്‌ അദ്ദേഹത്തെ ഹൈക്കോടതി നിര്‍ദേശ പ്രകാരം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. ഇവിടെ നിന്നും 25000 രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യമായ ആള്‍ ജാമ്യത്തിലും വെള്ളാപ്പള്ളിയ്‌ക്ക് ജാമ്യം നേടാനാവും.

കോഴിക്കോട്‌ ഓട വൃത്തിയാക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ അന്യസംസ്‌ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിടെ അപകടത്തില്‍പ്പെട്ട്  മരണപ്പെട്ട നൗഷാദിന്‌ സര്‍ക്കാര്‍ ധനസഹായം നല്‍കിയത്‌ പരാമര്‍ശിച്ചായിരുന്നു പ്രസംഗം. ഇത് ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസെടുത്തത്‌.