കോട്ടയം ഡിവൈ.എസ്‌.പിക്കെതിരായ ലൈംഗികപീഡന ആരോപണം; യുവതി പീഡനത്തിന്‌ ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ ഫലം

single-img
3 January 2016

police_cap_0കോട്ടയം: കോട്ടയം ഡിവൈ.എസ്‌.പിക്കെതിരേ ലൈംഗികപീഡനം ആരോപിച്ച യുവതി പീഡനത്തിന്‌ ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ ഫലം.  ഡിവൈ.എസ്‌.പി ടി.എ. ആന്റണിക്കെതിരേ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നു ഡോക്‌ടര്‍മാര്‍ വിധിയെഴുതി.കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണു പീഡനം നടന്നിട്ടില്ലെന്നു തെളിഞ്ഞത്‌.

പൊന്‍കുന്നത്ത്‌ ഇന്റര്‍നെറ്റ്‌ കഫേ നടത്തിവരികയായിരുന്ന യുവതിയാണു തന്നെ തട്ടിക്കൊണ്ടുപോയി പോലീസ്‌ ക്വാട്ടേഴ്‌സില്‍വച്ച്‌ പീഡിപ്പിച്ചെന്നു ഡിവൈ.എസ്‌.പിക്കെതിരേ ആരോപണം ഉന്നയിച്ചത്‌.
ആരോപണത്തെത്തുടര്‍ന്നു ഡിവൈ.എസ്‌.പിയെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

കേസിന്റെ ഭാഗമായി വൈദ്യപരിശോധനയ്‌ക്കു വിധേയയാകണമെന്നു യുവതിയോടു പോലീസ്‌ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ആദ്യം വിസമ്മതിച്ചെങ്കിലും പരിശോധന വേണമെന്ന നിലപാടില്‍ പോലീസ്‌ ഉറച്ചുനിന്നതോടെ പരിശോധനയ്‌ക്കു സമ്മതിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ മൂന്നു ഡോക്‌ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു വൈദ്യപരിശോധന.

തൊടുപുഴ വിജിലന്‍സ്‌ ഡിവൈ.എസ്‌.പിയായിരുന്ന ആന്റണി ഒരു മാസം മുമ്പാണു കോട്ടയം ഡിവൈ.എസ്‌.പിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങളായി യുവതിയെ പരിചയമുണ്ടെന്നും തന്നെ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയായിരുന്നെന്നും ഡിവൈ.എസ്‌.പി. ജില്ലാ പോലീസ്‌ മേധാവിയെ അറിയിച്ചിരുന്നു.