ഡല്‍ഹി റെയില്‍വേസ്‌റ്റേഷനില്‍ ബോംബു ഭീഷണി; സുരക്ഷ കര്‍ശനമാക്കി

single-img
3 January 2016

trainന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേസ്‌റ്റേഷനില്‍ അജ്ഞാതരുടെ ബോംബു ഭീഷണി. ഇമെയിലൂടെയാണ് സന്ദേശം വന്നത്. ഡല്‍ഹി-കാണ്‍പൂര്‍ ട്രെയിനില്‍ ബോംബു വെച്ചിട്ടുണ്ടെന്നാണ്  ഭീഷണി ലഭിച്ചത്. ഇതെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും ആര്‍.പി.എഫും ബോംബു സ്‌ക്വോഡും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷില്‍ പരിശോധന നടത്തുകയാണ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ട്രെയിനിൽ സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

ഭീഷണിയെത്തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. പതിനാല് പ്ലാറ്റ്‌ഫോമുകളുള്ള ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടു കുറക്കുന്നതിനായി ദ്രുതഗതിയിലാണ് പരിശോധന പുരോഗമിക്കുന്നത്.

പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഭീകരാക്രമണം നടന്നതിന്റെ തൊട്ടു പിന്നാലെയുണ്ടായ ബോംബു ഭീഷണിയെ വളരെ ഗൗരവമായാണ്  സുരക്ഷാ അധികൃതര്‍ കാണുന്നത്. പഞ്ചാബിലേക്ക് കൂടുതല്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് പഠാന്‍ കോട്ടിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.