തമിഴ്‌നാട്ടില്‍നിന്നുള്ള കന്നുകാലിക്കടത്തിനു ശക്തമായ സുരക്ഷ നല്‍കാന്‍ ജയലളിതയുടെ കര്‍ശന നിര്‍ദേശം

single-img
2 January 2016

Jayalalithaകോട്ടയം: തമിഴ്‌നാട്ടില്‍നിന്നുള്ള കന്നുകാലിക്കടത്തിനു സുരക്ഷ നല്‍കാന്‍ ജയലളിതയുടെ കര്‍ശന നിര്‍ദേശം. വ്യാപാരികളെ ഉപദ്രവിക്കുന്ന സംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നു കേരളത്തിലെ കന്നുകാലി വ്യാപാരികള്‍ക്ക്‌ ഉറപ്പു ലഭിച്ചു. നടപടിയെടുക്കാന്‍ പോലീസിനും നിര്‍ദേശമുണ്ട്‌. മൃഗസംരക്ഷണത്തിന്റെ പേരില്‍ വ്യാപാരികളെ ഉപദ്രവിക്കുന്നെന്നുകാട്ടി  ജയലളിതയ്‌ക്കും പ്രധാനമന്ത്രിക്കും നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിലാണു നടപടി.

സന്നദ്ധസംഘടനകളും ഒരുസംഘം ആളുകളും കന്നുകാലികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതും വ്യാപാരികളെ ആക്രമിക്കുന്നതും പതിവാണ്‌. ഇതു തടയാന്‍ നടപടിയെടുക്കണമെന്നു വിവിധ ഓഫീസ്‌ മേധാവികള്‍ക്കയച്ച കത്തില്‍ ജയലളിത ആവശ്യപ്പെട്ടു.

വ്യാപാരികള്‍ക്ക്‌ ഏതുസമയത്തും കാലികളെ കൊണ്ടുപോകാമെന്നും അക്രമമുണ്ടായാല്‍ സമീപത്തെ പോലീസ്‌ സ്‌റ്റേഷനില്‍ അഭയം തേടാമെന്നും തമിഴ്‌നാട്‌ മൃഗസംരക്ഷണ വകുപ്പ്‌ റീജണല്‍ ജോയിന്റ്‌ ഡയറക്‌ടര്‍ രേഖാമൂലം ഉറപ്പുനല്‍കി.
വ്യാപാരികളെ ആക്രമിക്കുന്നവര്‍ക്കെതിരേ ഗുണ്ടാ ആക്‌ടനുസരിച്ചു കേസെടുക്കാനും നിര്‍ദേശം നല്‍കി.  അതേസമയം വ്യാപാരികളുടെ നിവേദനത്തെത്തുടര്‍ന്ന്‌ അന്വേഷിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ കേന്ദ്രമൃഗ സംരക്ഷണ വകുപ്പിനോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.