കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിന് കൈമാറി

single-img
2 January 2016

kochi-metroഹൈദരാബാദ്:  കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ വ്യവസായശാലയില്‍ ഇന്ന് നടന്ന ചടങ്ങില്‍ കേരളത്തിന് കൈമാറി. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള മെട്രോ കോച്ചുകളാണിവ.  ചടങ്ങില്‍, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍ കൈമാറി.

 

മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, കെ.വി. തോമസ്‌ എം.പി., എം.എല്‍. എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രത്യേകം തയാറാക്കിയ നീളമേറിയ ട്രെയിലറുകളില്‍ റോഡുമാര്‍ഗം ഇവ കേരളത്തില്‍ എത്തിക്കും. ഒരു ട്രെയിനിന് ആവശ്യമായ മൂന്ന് കോച്ചുകളാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നത്. കോച്ചുകള്‍ ആലുവയിലെത്താന്‍ പത്തു ദിവസത്തോളമെടുക്കും. ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍, രാത്രിസമയത്ത് മാത്രമാണ് ട്രെയിലറുകള്‍ യാത്ര നടത്തുക.

222 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ഉയരവുമാണ് കൊച്ചി മെട്രോയുടെ ഒരു കോച്ചിനുള്ളത്. മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിനില്‍ 975 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ഒമ്പതു മാസത്തിനുള്ളില്‍ കോച്ചുകള്‍ കൈമാറുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.