പഞ്ചാബിലെ വ്യോമസേനാ താവളത്തിനുനേരെയുണ്ടായ ഭീകരാക്രമണം അവസാനിച്ചു

single-img
2 January 2016

amrithഅമൃത്‌സര്‍: പഞ്ചാബിലെ പത്താന്‍കോട്ടില്‍ രാജ്യത്തെ ഞെട്ടിച്ച് ഭീകരാക്രമണത്തില്‍ നാലു ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ഇതോടെ പുലര്‍ച്ചെ മുതല്‍ ഭീകരരെ പിടികൂടാനായി സുരക്ഷാസേന നടത്തിയ അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു.  പുലര്‍ച്ചെ മൂന്നോടെ സൈനിക വേഷത്തിലെത്തിയ ആറ് ഭീകരര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്.  ഏറ്റുമുട്ടല്‍ തുടരുകയാണ്. പുതുവര്‍ഷത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അതീവ സുരക്ഷാ മേഖലയിലെ ആക്രമണം സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെടുന്നു.യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സൂക്ഷിച്ചിട്ടുള്ള പ്രദേശത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം തട്ടിയെടുത്ത പോലീസ് വാഹനത്തിലാണ് ഭീകരര്‍ എത്തിയതെന്ന് കരുതുന്നു. വ്യോമസേനാ താവളത്തിന് 50 കിലോമീറ്റര്‍മാത്രം അകലെയാണ് പാകിസ്താന്‍ അതിര്‍ത്തി.

തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വ്യോമത്താവളത്തിലുള്ള യുദ്ധവിമാനങ്ങള്‍ക്ക് നാശനഷ്ടം വരുത്താനാണ് ഭീകരര്‍ ശ്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.  സുരക്ഷാ സേന തിരച്ചില്‍ തുടരുന്നു.  പത്താന്‍ കോട്ട് – ജമ്മു കശ്മീര്‍ ഹൈവെ അടച്ചു. രണ്ട് സംസ്ഥാനങ്ങളിലും അതിവ ജാഗ്രത പ്രഖ്യാപിച്ചു.

അതേസമയം പ്രധാനമന്ത്രി സൂത്രത്തില്‍ നടത്തിയ പാകിസ്താന്‍ സന്ദര്‍ശനത്തിനുളള ആദ്യ വെല്ലുവിളിയാണ് ഈ ആക്രമണമെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുന്നെയാണ് രാജ്യത്തെ ഞെട്ടിച്ച് അതിര്‍ത്തി കടന്നെത്തിയവരുടെ ഭീകരാക്രമണം ഉണ്ടായത്.