വീരേന്ദ്രകുമാറുമായി ഒരു ശത്രുതയുമില്ല;സോഷ്യലിസ്റ്റുകളുടെ യഥാര്‍ഥ സ്ഥാനം ഇടതുപക്ഷത്ത്:പിണറായി വിജയന്‍

single-img
1 January 2016

TH30_PINARAYI_VIJAY_516498fഎം.പി വീരേന്ദ്രകുമാറുമായി ശത്രുതയില്ലെന്ന് പിണറായി വിജയന്‍.സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതു മുന്നണിയിലാണെന്ന് പിണറായി പറഞ്ഞു. വീരേന്ദ്രകുമാറുമായി നാളെ ഒരുമിച്ചു നീങ്ങുന്നതിന് ഒരു തടസവുമില്ല.എം.പി വീരേന്ദ്രകുമാര്‍ രചിച്ച ഇരുള്‍ പരക്കുന്ന കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.പി വീരേന്ദ്രകുമാറുമായി ഒരു ശത്രുതയുമില്ല. അതിനര്‍ത്ഥം രാഷ്ട്രീയ വിയോജിപ്പ് ഇല്ല എന്നല്ലെന്നും പിണറായി പറഞ്ഞു.

 
പരസ്പര സ്‌നേഹവിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമാണ് വീരരേന്ദ്രകുമാറുമായുള്ള ബന്ധം. യുഡിഎഫിലേക്ക് പോയപ്പോള്‍ വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചത് സ്വാഭാവികം മാത്രമാണ്. അര്‍ഹതപ്പെട്ട മുഴുവന്‍ ആദരവും വീരേന്ദ്രകുമാറിന് നല്‍കാന്‍ തയാറായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.അടിയന്തരാവസ്ഥ കാലത്ത് താനും വീരേന്ദ്രകുമാറും ജയില്‍വാസം അനുഭവിച്ചതിനെക്കുറിച്ചും പിണറായി അനുസ്മരിച്ചു.

 

ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നത് വ്യാഖ്യാനം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന് തുടര്‍ന്ന് സംസാരിച്ച എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിന് മുന്നണി തടസമല്ല. മോഡിക്കും സംഘപരിവാറിനുമെതിരായ സി.പി.എമ്മിന്റെ സ്വരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തിയെ തീരൂ. പ്രതികരിക്കാത്തവര്‍ വിസ്മരിക്കപ്പെടുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. പിണറായി വിജയനോട് വ്യക്തിപരമായി ശത്രുത ഇല്ലെന്നും രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളാണ് മുമ്പ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.