ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ പിഞ്ചുബാലികയ്ക്ക് സഹായഹസ്തവുമായി റെയില്‍വേ മന്ത്രി

single-img
1 January 2016

Sureshകൊല്‍ക്കത്ത: ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ പിഞ്ചുബാലികയ്ക്ക് സഹായഹസ്തവുമായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ബുധനാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ അവസ്ഥയില്‍ സഹായം അഭ്യര്‍ത്ഥിച്ച് പിതാവ് ട്വിറ്ററിലൂടെ സന്ദേശം മന്ത്രി അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ട്വീറ്റ് ശ്രദ്ധയില്‍പെട്ട മന്ത്രി കുഞ്ഞിനെ സഹായിക്കാന്‍ റെയില്‍വേ അധികൃതരെ അയയ്ക്കുകയായിരുന്നു. ബംഗല്‍പൂര്‍- ബാംഗ്ലൂര്‍ അംഗാ എക്‌സ്പ്രസിലെ യാത്രക്കാരിയായ ബന്‍ഗാശിഖയ്ക്കാണ് മന്ത്രിയുടെ കരുതല്‍ ലഭിച്ചത്.

വിപ്രോയിലെ സോഫ്ട്‌വേര്‍ എഞ്ചിനീയറായ പിതാവ് ശങ്കര്‍ പണ്ഡിറ്റിനും അമ്മയ്ക്കുമൊപ്പം ബംഗലൂരുവില്‍ നിന്ന് ബിഹാറിലെ കിയൂളിലുള്ള ബന്ധുവീട്ടിലേക്ക് പുറപ്പെടവേ കുഞ്ഞിന് ട്രെയിനില്‍ വച്ച് ഛര്‍ദ്ദിയും വയറിളക്കവും ബാധിക്കുകയായിരുന്നു.  കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ മാതാപിതാക്കളും കോച്ചിലെ സഹയാത്രക്കാരും ജീവനക്കാരും ഏറെ പരിശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ ട്രെയിനില്‍ നിന്ന് ഇടയ്ക്കിറങ്ങി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനും മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.

ഇതോടെയാണ് മന്ത്രിയുടെ സഹായം തേടി ശങ്കര്‍ പണ്ഡിറ്റ് ട്വീറ്റ് അയച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശങ്കറിന്റെ മൊബൈലിലേക്ക് വിളിവന്നു. ട്രെയിന്‍ എത്തിയിരിക്കുന്ന സ്ഥലവും മറ്റ് വിശദാംശങ്ങളും ആരാഞ്ഞു.

ഇതിനകം തന്നെ കൊല്‍ക്കൊത്തയിലെ ഈസ്‌റ്റേണ്‍ റെയില്‍വേ ഓഫീസുമായി ബന്ധപ്പെട്ട മന്ത്രി കുഞ്ഞിന് വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശം നല്‍കി. ട്രെയിന്‍ വൈകിട്ട് 8.50 ഓടെ അസാന്‍സോ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ശങ്കറിനെയും കുടുംബത്തെയും സ്വീകരിച്ചത് റെയില്‍വേ മെഡിക്കല്‍ സംഘമായിരുന്നു. ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും ഇവര്‍ ഒരുക്കിയിരുന്നു.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം വൈദ്യസംഘം കുഞ്ഞിനെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനായി ആശുപത്രിയില്‍ നേരത്തെ തന്നെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മികച്ച ചികിത്സ ലഭിച്ച കുഞ്ഞ് സുഖം പ്രാപിക്കുകയും കുടുംബം പിറ്റേന്ന് തന്നെ ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുകയും ചെയ്തു.

കുഞ്ഞിനെ രക്ഷിക്കുക മാത്രമല്ല ഇടയ്ക്കു വച്ച് മുറിഞ്ഞ യാത്ര തുടരാന്‍ അനുമതി നല്‍കുകയും ചെയ്തുവെന്ന് ശങ്കര്‍ അറിയിച്ചു. അസന്‍സോള്‍ മുതല്‍ ബംഗലൂരു വരെയുള്ള ടിക്കറ്റ് തങ്ങള്‍ക്ക് റെയില്‍വേ അധികൃതര്‍ ഉറപ്പാക്കിയെന്നും ശങ്കര്‍ പറഞ്ഞു.

ഇത്തരമൊരു പ്രതികരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രിയുടെ ഇടപെടല്‍ തന്നെ അതിശയിപ്പിച്ചുകളഞ്ഞുവെന്നും ശങ്കര്‍ പണ്ഡിറ്റ് പറഞ്ഞു. മുന്‍പ് പല തവണ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ യാത്രക്കാര്‍ക്ക് തുണയായിട്ടുണ്ട്. വിശന്നുവലഞ്ഞ കുഞ്ഞിന് ഒരിക്കല്‍ പാല്‍ എത്തിക്കാനും മന്ത്രിയുടെ ഇടപെടല്‍ സഹായിച്ചു.