ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം; ബി.ടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പിന്‍വലിച്ചു

single-img
1 January 2016

Plus-Two-public-examതിരുവനന്തപുരം:  സാങ്കേതിക സര്‍വകലാശാല നടത്തുന്ന   ബി.ടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം. ജനവരി നാലിന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായ സംശയത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സാങ്കേതിക സര്‍വകലാശാല രൂപത്കരിച്ച ശേഷം  ആദ്യമായി ഏറ്റെടുത്ത് നടത്തുന്ന പരീക്ഷയിലാണ് വന്‍ വീഴ്ചയുണ്ടായിരിക്കുന്നത്.

കെ.ബി.പി.എസ് അച്ചടിച്ച ചോദ്യപേപ്പര്‍ സുതാര്യമായ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയാണ്  ജില്ലാ കേന്ദ്രങ്ങളില്‍ എത്തിച്ചത്.

സാധാരണഗതിയില്‍ കാര്‍ബണ്‍ പേപ്പര്‍ കവറിലാണ് ചോദ്യപേപ്പര്‍ എത്തിക്കാറുള്ളത്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക്  എത്തിച്ചപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞതിനാല്‍ ചോദ്യപേപ്പറിന്റെ ആദ്യത്തേയും അവസാനത്തേയും പേജുകള്‍ പരസ്യമായി.

ചോദ്യങ്ങള്‍ പുറത്തായതോടെ സര്‍വകലാശാല ചോദ്യപേപ്പര്‍ ഒന്നാകെ പിന്‍വലിച്ചു.തിങ്കളാഴ്ച നടത്തേണ്ട പരീക്ഷയ്ക്കായി പകരം ചോദ്യപേപ്പര്‍ അടിയന്തരമായി അച്ചടിച്ച് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. നേരത്തെ ഈ പരീക്ഷാ നടത്തിപ്പ് തമിഴ്‌നാട്ടിലെ  ഏജന്‍സിയെ ഏല്‍പിച്ചത് വിവാദമായിരുന്നു.  തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ച് സ്വന്തം നിലയില്‍ പരീക്ഷ നടത്താന്‍ സര്‍വകലാശാല ഒരുങ്ങിയത്.