നേതൃനിരയിലേക്ക് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് സി.പി.എം തീരുമാനം

single-img
1 January 2016

CPM_flags2008_0കൊല്‍ക്കത്ത: കേന്ദ്രകമ്മിറ്റിയടക്കം എല്ലാ സംഘടനാതലങ്ങളിലും യുവാക്കള്‍ക്ക് നിര്‍ബന്ധമായും നിശ്ചിതശതമാനം പ്രാതിനിധ്യം നല്‍കാന്‍ സി.പി.എം.   അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനം നടപ്പാവും. ഇന്ത്യയില്‍ യുവജനസംഖ്യ നിര്‍ണായകമാവുന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയര്‍ന്നു. യുവത്വം കഴിഞ്ഞവര്‍ മാത്രം പി.ബി.യിലും കേന്ദ്രകമ്മിറ്റിയിലുമൊക്കെ പരിഗണിക്കപ്പെടുന്നതില്‍ നേതൃത്വം വിചാരണചെയ്യപ്പെട്ടിരുന്നു.

വ്യതിയാനവും തെറ്റുകളും തിരുത്തി സംഘടന മെച്ചപ്പെടുത്താനുള്ള ശുദ്ധീകരണയജ്ഞം കേന്ദ്രനേതൃതലത്തില്‍നിന്നുതന്നെ ആരംഭിക്കും. തെറ്റുതിരുത്തല്‍ പ്രക്രിയക്ക് സംസ്ഥാന കമ്മിറ്റികള്‍ പദ്ധതിരേഖ തയ്യാറാക്കുകയും വര്‍ഷാവര്‍ഷം വിലയിരുത്തുകയും വേണം. മൂന്നു വര്‍ഷത്തിനുള്ളില്‍ വനിതകളുടെ എണ്ണം 25 ശതമാനമാക്കും. ദളിതരടക്കമുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുറപ്പാക്കാന്‍ പ്രത്യേക പരിപാടികള്‍ ഏറ്റെടുക്കും.വിവിധ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുള്ള സമരങ്ങള്‍ ഊര്‍ജിതമാക്കി പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനായിരിക്കും ഇനിയുള്ള ശ്രദ്ധ.

ബി.ജെ.പി.യെ മുഖ്യശത്രുവായിക്കണ്ട് ആര്‍.എസ്.എസ് ഭീഷണി ചെറുക്കാനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കും. ഇടതുപക്ഷ ഐക്യം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്ലീനം പ്രഖ്യാപിച്ചു. ദളിത് മേഖലകളിലെ ആര്‍.എസ്.എസ്. സ്വാധീനം ചെറുക്കാന്‍ സി.പി.എം. മുന്‍കൈയെടുത്ത് പ്രത്യേക സ്‌കൂളുകള്‍ തുറക്കും. ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, ചരിത്രകാരന്മാര്‍, സാംസ്‌കാരികനായകര്‍ എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും സാമൂഹിക, സാംസ്‌കാരികപരിപാടികളും സംഘടിപ്പിക്കും.

ഉത്സവങ്ങളിലും മതചടങ്ങുകളിലും ഇടപെടാന്‍ പ്രത്യേകം നിര്‍ദേശം നല്‍കാനുള്ള ഭേദഗതി അംഗീകരിച്ചു. ഇത് ഏതുതരത്തില്‍ വേണമെന്നത് പിന്നീട് തീരുമാനിക്കും. വര്‍ഗീയത ചെറുക്കാനുള്ള നടപടികളും നിര്‍ദേശിച്ചു.