വെള്ളക്കരം ദിവസം പത്തു രൂപയാക്കണമെന്ന് ശുപാര്‍ശ

single-img
1 January 2016

tap-waterതിരുവനന്തപുരം : ഒരു വീട്ടില്‍ നിന്നു ദിവസം പത്തു രൂപയെങ്കിലും ലഭിക്കത്തക്ക വിധം വെള്ളക്കരം കുത്തനെ കൂട്ടാന്‍ ശമ്പള പരിഷ്‌കരണ കമ്മിഷന്‍റെ ശിപാര്‍ശ. സര്‍ക്കാര്‍ ജീവനക്കാരുടേതിനു സമാനമായി ജലഅഥോറിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറയുന്നു.

18 ലക്ഷം കണക്ഷനും രണ്ട്‌ ലക്ഷം പൊതുടാപ്പുകളും 20 ശതമാനം ജനങ്ങള്‍ക്ക്‌ മാത്രം വെള്ളം നല്‍കുകയും ചെയ്യുന്ന ജല അഥോറിറ്റിയുടെ സഞ്ചിത നഷ്‌ടം 2620 കോടി രൂപയാണെന്നു കമ്മിഷന്‍ പറഞ്ഞു. ചെലവിനനുസരിച്ച്‌ വെള്ളക്കരം ലഭിക്കുന്നില്ല.

സംസ്‌ഥാന ഖജനാവിലെ പണം കൊണ്ടാണു സ്‌ഥാപനം നിലനില്‍ക്കുന്നത്‌. ലാഭവും നഷ്‌ടവുമില്ലാത്ത വിധം സ്‌ഥാപനത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും വിധം വെള്ളക്കരം വര്‍ധന വേണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.  വാട്ടര്‍അഥോറിറ്റിയിലെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പള സ്‌കെയില്‍ 8950-14640 എന്നത്‌ 17500 -37800 രൂപയായും ഉയര്‍ന്ന ശമ്പളം നിലവിലെ 52850-63450 എന്നത്‌ 103600-123000 രൂപയായും വര്‍ധിപ്പിക്കണമമെന്നു കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തു. ആകെ 25 സ്‌കെയിലുകളാണ്‌ വാട്ടര്‍ അഥോറിറ്റിയിലുള്ളത്.

കുടിവെള്ളത്തിന്റെ കുത്തക ജല അഥോറിറ്റിക്കാക്കി മാറ്റണംമെന്ന് കമ്മീഷന്‍ പറഞ്ഞു. എല്ലാവര്‍ക്കും വെള്ളം നല്‍കാന്‍ കഴിയുന്ന സംവിധാനം വരുംവരെ ടാങ്കറുകളില്‍ അടക്കം വെള്ളമെത്തിക്കാന്‍ പൂര്‍ണ നിയന്ത്രണം ജലഅഥോറിറ്റിക്ക്‌ ലഭിച്ചാല്‍ സാമ്പത്തിക നില മെച്ചപ്പെടും. പ്രവര്‍ത്തന ലാഭം വന്നാല്‍ ഉദ്യോഗസ്‌ഥര്‍ക്കു പ്രവര്‍ത്തന ബോണസ്‌ നല്‍കണം. ഉപഭോക്‌താക്കള്‍ക്ക്‌ സ്വയം നോക്കാനും ബില്‍ കണക്കാക്കാനും പണമടയ്‌ക്കാനും കഴിയും വിധമുള്ള മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണം. അധിക ജീവനക്കാരെ മീറ്റര്‍ പരിശോധനയ്‌ക്ക്‌ അടക്കം നിയോഗിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.